കോവിഡ്​ പരിശോധന: നടുവിലിൽ എല്ലാവർക്കും നെഗറ്റിവ്​

നടുവിൽ: ബുധനാഴ്​ച നടുവിൽ പി.എച്ച്.സിയിൽ കോവിഡ് ആൻറിജൻ ടെസ്​റ്റ്‌ നടത്തിയ 50 പേർക്കും നെഗറ്റിവ്. ആഗസ്​റ്റ്​ 17ന് കോവിഡ് സ്ഥിരീകരിച്ച ലേഡി ഡോക്​ടറുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും സാമൂഹിക സന്നദ്ധ പ്രവർത്തകർക്കുമായാണ് ബുധനാഴ്​ച ടെസ്​റ്റ് നടത്തിയത്. തിങ്കളാഴ്​ച നടത്തിയ ടെസ്​റ്റിൽ 48 പേരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. രണ്ടുപേർക്കു മാത്രമാണ് പോസിറ്റിവായത്. പി.എച്ച്.സിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും സഹ ഡോക്​ടർമാരുടെയുമെല്ലാം ഫലം നെഗറ്റിവ് ആയതോടെ ലേഡി ഡോക്​ടറിൽനിന്നും കാര്യമായ വൈറസ് വ്യാപനം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ നടുവിൽ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി എട്ടുപേരാണ് കോവിഡ് പോസിറ്റിവായി ചികിത്സയിലുള്ളത്. എന്നാൽ, ഇവരുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം ടെസ്​റ്റ് നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ നിലവിൽ സമ്പർക്ക വ്യാപന സാധ്യതയോ മറ്റ് ആശങ്കകളോ പി.എച്ച്.സി പരിധിയിൽ ഇല്ലെന്ന് അധികൃതർ പറഞ്ഞു. അതിനിടെ 11 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുന്ന നടുവിൽ മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ ഓണം പ്രമാണിച്ച് വ്യാഴാഴ്​ച മുതൽ നാലുദിവസം കർശന വ്യവസ്ഥകളോടെ തുറന്നു പ്രവർത്തിക്കാൻ പഞ്ചായത്ത് തല ജാഗ്രത സമിതി അനുമതി നൽകി. ഹോം ഡെലിവറി ബോർഡ് ഉൾപ്പെടെ കടക്കുമുന്നിൽ സ്ഥാപിച്ചുകൊണ്ടായിരിക്കണം കടകൾ തുറക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.