വികസന പദ്ധതികൾക്ക് വഴിയൊരുക്കി എൻജിനീയറിങ്​ വിദ്യാർഥികളുടെ സർവേ

ശ്രീകണ്ഠപുരം: സിവിൽ എൻജിനീയറിങ്ങിലെ പ്രായോഗിക പഠനത്തി​ൻെറ ഭാഗമായി കോളജ് വിദ്യാർഥികൾ നടത്തിയ സർവേ ശ്രദ്ധേയമാകുന്നു. നാടിനാവശ്യമായ വികസന പദ്ധതികളാണ് ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ്​ കോളജ് വിദ്യാർഥികൾ സർവേയിലൂടെ കണ്ടെത്തി റിപ്പോർട്ട് തയാറാക്കിയത്. കോളജിലെ അവസാന സെമസ്​റ്റർ സിവിൽ എൻജിനീയറിങ്​ വിദ്യാർഥികളായ ഡാൽവിൻ സെബാസ്​റ്റ്യൻ, ആൽബിൻ ജോർജ്, ചഞ്ചൽ ഹരിദാസ്, എ.പി. ഷിബിന എന്നിവരാണ് സാങ്കേതിക പഠനത്തിലൂടെ നേടിയ അറിവുകൾ ജന നന്മക്കായി വിനിയോഗിക്കാമെന്ന് തെളിയിച്ചത്. ഏരുവേശ്ശി ഗ്രാമപഞ്ചായത്തി​ൻെറ വിവിധ പ്രദേശങ്ങളിൽ വേനൽക്കാലങ്ങളിൽ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം സാധ്യമാകുന്നതിനൊപ്പം വിവിധ മേഖലകളിൽ വികസന കുതിപ്പിന് വഴിയൊരുക്കുന്ന ബഹുമുഖ പദ്ധതിക്കാണ് നാലുപേരും ചേർന്ന് രൂപം നൽകിയിരിക്കുന്നത്. ഇവർ പ്രദേശത്തെ താമസക്കാരായ ജനങ്ങളുമായി അഭിമുഖത്തിലൂടെ അഭിപ്രായം തേടുകയും പ്രദേശത്ത് സമഗ്രമായ ഭൂതല- ജലവിതാന സർവേ നടത്തുകയുമുണ്ടായി. മലയോര ഹൈവേ കടന്നുപോകുന്ന ചെമ്പേരി - പുറഞ്ഞാൺ റോഡിനോട് ചേർന്നുള്ള ഭാഗത്ത് പുഴയിൽ തടയണ നിർമിച്ച് ജലസംഭരണി ഒരുക്കുകയെന്നതാണ് പദ്ധതി രൂപരേഖയിൽ അടിസ്ഥാനമായുള്ളത്. ഇതൊരു തടയണപ്പാലമായി (റെഗുലേറ്റർ കം ബ്രിഡ്ജ്) നിർമിച്ചാൽ ചെമ്പേരിയുടെ നിർദിഷ്​ട ബൈപാസും യാഥാർഥ്യമാകും. മലയോര ഹൈവേ കടന്നുപോകുന്ന ചെമ്പേരി ടൗണിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനാണ് ബൈപാസ് വരുന്നതോടെ അവസാനമാവുക. തടയണ നിർമിച്ചാൽ നൂറു മീറ്ററിലധികം ദൈർഘ്യത്തിലും മൂന്ന് മീറ്ററോളം ഉയരത്തിലും പുഴയിൽ വെള്ളം സംഭരിക്കപ്പെടും. കുടിവെള്ള വിതരണവും കൃഷിയിടങ്ങളിലെ ജലസേചനവും കഴിഞ്ഞാലും ജലം ബാക്കി വരും. ഈ സാഹചര്യത്തിൽ, ജലലഭ്യത കുറവാണെന്ന കാരണത്താൽ രണ്ട് പതിറ്റാണ്ടുമുമ്പ് നടപ്പാക്കാൻ കഴിയാതിരുന്ന നിർദിഷ്​ട നിടിയേങ്ങ -ചുഴലി കുടിവെള്ള വിതരണ പദ്ധതിയും ഇവിടെ നിന്നുള്ള വെള്ളമുപയോഗിച്ച് പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന്​ കരുതുന്നു. വൈതൽമല, ഏഴരക്കുണ്ട്, കാഞ്ഞിരക്കൊല്ലി, പാലക്കയം തട്ട് തുടങ്ങിയ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ താഴ്‌വരയിലുള്ള ചെമ്പേരിയിൽ സജ്ജമാകുന്ന കൂറ്റൻ ജലാശയത്തിൽ വിനോദയാത്ര ബോട്ടുകൾ ഏർപ്പെടുത്തിയാൽ ടൂറിസം വകുപ്പിനും വൻ നേട്ടമാകും. തങ്ങൾ നേടിയ അറിവുകൾ പ്രയോജനപ്പെടുത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. സർവേ നടത്താനും റിപ്പോർട്ട് തയാറാക്കാനും കോളജിലെ സിവിൽ എൻജിനീയറിങ്​ വിഭാഗം മേധാവി ഡോ. ബിജു മാത്യു, അധ്യാപകരായ പ്രഫ. മാർഗരറ്റ്, പ്രഫ. അനുരാഗി എന്നിവരുടെ മാർഗനിർദേശങ്ങളും വിദ്യാർഥികൾക്ക് സഹായകമായി. ചെമ്പേരി ഫൊറോന വികാരി ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഏറ്റുവാങ്ങിയ പദ്ധതി രൂപരേഖ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോർജ്, വില്ലേജ് ഓഫിസർ വിനീഷ് എന്നിവർക്ക് സമർപ്പിച്ചു. പദ്ധതി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.സി. ജോസഫ് എം.എൽ.എക്കും ജലവിഭവ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും പദ്ധതി രേഖയുടെ പകർപ്പുകൾ അയച്ചതായി വിദ്യാർഥികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.