ഒന്നാംതരത്തിന് നിറം പകരാൻ ഈ അധ്യാപകർ

ചെറുവത്തൂർ: ഓൺലൈൻ ക്ലാസിലേക്കാവശ്യമായ പാവകളും പൂക്കളും പൂമ്പാറ്റകളുമെല്ലാം ഒരുങ്ങുന്നത് രണ്ട് അധ്യാപകരുടെ കരവിരുതിൽ. ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂൾ അധ്യാപകനായ പ്രമോദ് അടുത്തിലയും രാമന്തളി പഞ്ചായത്ത് എൽ.പി സ്കൂൾ അധ്യാപകനായ എം.വി. പ്രകാശനുമാണ് വിക്ടേഴ്സ് ചാനലിൽ ഒന്നാം ക്ലാസ് ചിത്രീകരണത്തിനാവശ്യമായ കരകൗശല വസ്തുക്കൾ ഒരുക്കുന്നത്. സമഗ്ര ശിക്ഷ കേരളം ചന്തേര ഇസ്സത്തുൽ ഇസ്​ലാം എ.എൽ.പി സ്കൂളിൽ നിന്നാണ് ഒന്നാംതരത്തിലെ ക്ലാസുകളെല്ലാം ചിത്രീകരിക്കുന്നത്. ഓരോ ക്ലാസ് ചിത്രീകരണത്തിനും നിരവധി പഠനോപകരണങ്ങൾ ആവശ്യമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി നൂറുകണക്കിന് പഠനോപകരണങ്ങൾ ഇവർ നിർമിച്ചുകഴിഞ്ഞു. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് കുരുന്നു മനസ്സുകളെ ആകർഷിക്കും വിധം ഓരോന്നും നിർമിക്കുന്നത്. ദേശീയ കലാവിഭാഗം പരിശീലകനാണ് പ്രമോദ് അടുത്തില. ഹലോ ഇംഗ്ലീഷ് സംസ്ഥാന റിസോഴ്സ് ഗ്രൂപ്പംഗമാണ് പ്രകാശൻ. നൂറുകണക്കിന് കരകൗശല നിർമാണ പരിശീലനക്കളരികൾക്ക് ഇരുവരും നേതൃത്വം നൽകിയിട്ടുണ്ട്. ജൂലൈ 15 വരെയുള്ള ക്ലാസുകളുടെ ചിത്രീകരണം ഇപ്പോൾ പൂർത്തിയായി. സമഗ്ര ശിക്ഷ സ്​റ്റേറ്റ് പ്രോഗ്രാം ഓഫിസർ അമുൽ റോയി ചിത്രീകരണത്തിന് നേതൃത്വം നൽകുന്നു. അനൂപ് കല്ലത്താണ് എപ്പിസോഡ് ഡയറക്ടർ. ഹോസ്ദുർഗ് ബി.പി.സി പി.വി. ഉണ്ണിരാജൻ, കുമ്പള ജി.എഫ്.എൽ.പി.എസ് അധ്യാപകൻ അനിൽ നടക്കാവ് എന്നിവരാണ് ക്ലാസ് മൊഡ്യൂളുകൾ തയാറാക്കുന്നത്. ഉഭേഷ് ചീമേനി കാമറ കൈകാര്യം ചെയ്യുന്നു. രാഹുൽ എഡിറ്റിങ്​ നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.