മുരുകന്റെ മൃതദേഹം മറയൂരിലെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായി എത്തിയവർ
മറയൂർ (ഇടുക്കി): വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാന്തല്ലൂരിലെ കുണ്ടക്കാട്ട് വനമേഖലയിലാണ് ആദിവാസി വിഭാഗക്കാരനായ ചുരക്കുളം സ്വദേശി മുരുകനെ (55) വ്യാഴാഴ്ച വൈകീട്ടോടെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. റിസോർട്ടിലെ ജോലിക്ക് പോയി തിരിച്ചുവരുന്ന വഴിക്ക് പാമ്പൻപാറയിൽ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായിരുന്ന മുരുകനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
എന്നാൽ, കാട്ടാന ആക്രമണത്തിലല്ല മുരുകൻ മരിച്ചതെന്നായിരുന്നു വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി തടിച്ചുകൂടി. വ്യാഴാഴ്ച രാത്രി 11 മണിവരെ മൃതദേഹം കൈപ്പറ്റാതെയും പോസ്റ്റ്മോർട്ടത്തിന് വിടാതെയും സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ഇവർ പ്രതിഷേധിച്ചു. തുടർന്ന് മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മൃതദേഹം കൊണ്ടുപോകുകയായിരുന്നു.
മറയൂർ എസ്.ഐ മാഹിൻ സലീമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വന്യമൃഗ ആക്രമണം തന്നെയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തര ധന സഹായമെന്ന നിലയിൽ വനം വകുപ്പ് അഞ്ചുലക്ഷം രൂപ മുരുകന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചുരക്കളത്തെ വീട്ടിലെത്തിച്ച് മുരുകന്റെ മൃതദേഹം സംസ്കരിച്ചു. ഒരാഴ്ച മുമ്പ് സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.