ചെറുതോണി: പരിശോധന കർശനമാക്കിയിട്ടും ഹൈറേഞ്ചിലേക്ക് കോടികളുടെ കഞ്ചാവ് ഒഴുകുന്നു. ഹൈറേഞ്ചിൽ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും സുലഭമായി വിൽപനയും കടത്തലും നടത്തുമ്പോൾ അധികൃതരുടെ വലയിൽ വീഴുന്നത് നാമമാത്ര കേസുകൾ മാത്രം. അതിർത്തിയിലെ മൂന്ന് ചെക്ക്പോസ്റ്റിൽ ആകെ 50ൽ താഴെ ജീവനക്കാർ മാത്രമാണ്.
കഞ്ചാവ് പിടിക്കാൻ നല്ല വാഹനങ്ങളില്ല. നേരിടാൻ തോക്കും ലാത്തിയുമില്ല. ഒഡിഷയിൽനിന്നടക്കം കിലോക്കണക്കിന് കഞ്ചാവ് അതിർത്തി ചെക്ക്പോസ്റ്റുകൾ കടന്ന് ഇവിടെയെത്തുന്നത് തടയുന്നതിനു നടപടിയില്ല. ഒരിടവേളക്കുശേഷം ഇടുക്കിയിൽ കഞ്ചാവും എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടന്നുവരവ് വർധിച്ചിരിക്കുകയാണ്.
ആന്ധ്ര, കർണാടക, ഒഡിഷ എന്നിവിടങ്ങളിൽനിന്നെത്തുന്ന കഞ്ചാവും മറ്റു ലഹരിവസ്തുക്കളും തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളായ ബോഡി, ബോഡിനായ്ക്കന്നൂർ, തേനി തുടങ്ങിയ പ്രദേശങ്ങളിൽ എത്തിച്ച ശേഷമാണ് ഇടുക്കിയിലേക്ക് എത്തിക്കുന്നത്.
പ്രധാന ചെക്ക്പോസ്റ്റുകളായ കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിൽ കൂടി ഹൈറേഞ്ചിലേക്ക് കടന്നുവരുന്ന കഞ്ചാവ് കണ്ടെത്തുന്നതിനും പിടികൂടുന്നതിനും പരിശോധന നടത്തുന്നതിലും അധികൃതർ വലിയ വീഴ്ചയാണ് കാണിക്കുന്നത്. ഈ രണ്ടു ചെക്ക്പോസ്റ്റിലും അടുത്ത കാലത്ത് പിടികൂടിയിട്ടുള്ളത് നാമമാത്രമായ കഞ്ചാവ് മാത്രമാണ്.
അതിർത്തിവഴി തലച്ചുമടായി തമിഴ്നാട്ടിൽനിന്ന് കഞ്ചാവെത്തിക്കുന്നത് മതികെട്ടാൻ ദേശീയ ഉദ്യാനത്തിനോട് ചേർന്നു കിടക്കുന്ന തേവാരംപെട്ടി മലനിരകൾ വഴിയാണ്. ഏറ്റവും കൂടുതൽ കഞ്ചാവ് കടത്തൽ ഇതുവഴി നടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എന്നിട്ടും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.