കോവിഡ് 19: അധികൃതരുടെ അനാസ്ഥയിൽ തീരദേശം ഭീതിയിൽ

തുറവൂർ: അധികൃതരുടെ അനാസ്ഥയിൽ തീരദേശം കോവിഡ്​ വ്യാപന ഭീഷണിയിൽ. കഴിഞ്ഞ ദിവസം കോവിഡ്​ പരിശോധനഫലം പോസിറ്റിവായ രോഗികളെ 24 മണിക്കൂറിനുശേഷവും ആശുപത്രിയിലേക്ക്​ മാറ്റാതെ വീട്ടിൽ തന്നെ താമസിപ്പിച്ചിരിക്കുന്നത് പ്രതിഷേധത്തിനു​ കാരണമായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ രോഗികളെ കൊണ്ടുപോകാൻ അംബുലൻസ് എത്തിയെങ്കിലും മുകളിൽനിന്നുള്ള നിർദേശത്തെ തുടർന്ന് രോഗികളെ എടുക്കാതെ തിരികെ പോയി. കോവിഡ് പരിശോധനഫലം വൈകുന്നതും തീരദേശത്ത് രോഗവ്യാപനത്തിനു​ കാരണമാകുന്നുണ്ട്. പരിശോധനക്ക്​ സാമ്പിളെടുത്ത് ഒരാഴ്ച കഴിഞ്ഞാണ് പരിശോധനഫലം വരുന്നത്. ഈ സമയത്തിനുള്ളിൽ രോഗിയുടെ വീട്ടുകാരിലേക്കും പരിസരവാസികളിലേക്കും രോഗവ്യാപനം നടന്നിരിക്കും. നിലവിൽ കോവിഡ് പോസിറ്റിവായി ആശുപത്രിയിൽ കഴിയുന്നവരുടെ സമ്പർക്ക പട്ടിക തയാറാക്കാനോ ഇവരെ പരിശോധനക്ക്​ വിധേയമാക്കാനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. ചെല്ലാനം ഹാർബറുമായി നേരിട്ട്​ ബന്ധമുള്ള മത്സ്യത്തൊഴിലാളികളുടെ സ്രവം കഴിഞ്ഞ ദിവസമാണ് പരിശോധനക്ക്​ എടുത്തത്. ചാപ്പക്കടവ്, പള്ളിത്തോട് മേഖലകളിലെ നിരവധി ആളുകൾ പനിയും ചുമയുമായി വീടുകളിൽ കഴിയുന്നുണ്ട്​. അതേസമയം, ചെല്ലാനത്ത്​ സ്ഥിതി ഗുരുതരമായി തുടരുന്നു. ചെല്ലാനത്ത് 224 രോഗികളെ പരിശോധിച്ചതിൽ 84 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ രോഗികളുടെ യഥാർഥ കണക്ക് ബന്ധപ്പെട്ടവർ മറച്ചുവെക്കുന്നു എന്ന ആരോപണവും ഉയരുന്നു. ഇക്കാര്യത്തിൽ അധികൃതരുടെ മെല്ലെപ്പോക്ക് നയം തീരദേശത്തെ ഭീതി വർധിപ്പിക്കുന്നു. അടിയന്തര സഹായം എത്തിക്കണം -യു.ഡി.എഫ് തുറവൂർ: അരൂർ നിയോജക മണ്ഡലത്തി​ൻെറ പല പ്രദേശങ്ങളിലും കോവിഡ് പടരുന്നതുമൂലം ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങളുടെ ഉപജീവനമാർഗം നിലച്ച സാഹചര്യത്തിൽ ഭക്ഷ്യകിറ്റുകളും മറ്റു സഹായവും എത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നതിനാൽ തീരദേശത്തെ അടക്കമുള്ള ജനങ്ങളുടെ തൊഴിലും വരുമാനവും നിലച്ചിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് ടെസ്​റ്റ്​ നടത്തിയവരുടെ പരിശോധനഫലം പുറത്തുവിടുന്നതിൽ വരുന്ന കാലതാമസം ഒഴിവാക്കണമെന്നും പഞ്ചായത്തുതലങ്ങളിൽ ഉടൻ ഹെൽപ് ഡെസ്കുകൾ ആരംഭിക്കാൻ അധികൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പി.കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ ഉമേശൻ, ദിലീപ് കണ്ണാടൻ, എം.ആർ. രവി, കെ.കെ. പുരുഷോത്തമൻ, രാജു സ്വാമി, എബ്രഹാം കുഞ്ഞാപ്പച്ചൻ, വിജയ് വാലയിൽ, ജോയി ചക്കുങ്കേരി, ജോയി കൊച്ചുതറ, അഷറഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.