ശ​ുചിത്വ പദവി: രാജാക്കാട്ടിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ മുന്നിൽ

രാജാക്കാട്: ഹരിതകേരളം പ്രവര്‍ത്തനങ്ങളില്‍ ചരിത്ര നേട്ടം സ്വന്തമാക്കുകയാണ് രാജാക്കാട് പഞ്ചായത്തിലെ ഏഴ് ഹരിതകര്‍മ സേനാംഗങ്ങള്‍. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ 1320 കുടുംബങ്ങളുടെയും 58 കടകളുടെയും യൂസര്‍ ഫീ സ്വന്തമാക്കിയാണ് പഞ്ചായത്തിനെ ജില്ലയില്‍ മുന്നിലെത്തിച്ചത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളൊന്നും ഇനിയും ഈ തലത്തിലേക്ക്​ എത്തിയിട്ടില്ലെന്ന് ഹരിതകേരളം ജില്ല മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഡോ. ജി. എസ്. മധു സാക്ഷ്യപ്പെടുത്തുന്നു. സമ്പൂര്‍ണ ശുചിത്വ പദവി പ്രഖ്യാപിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലൊന്നാണ് രാജാക്കാട്. വീടുകളില്‍നിന്ന്​ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിന് ഹരിതകര്‍മ സേനയ്ക്ക് വീട്ടുകാർ പ്രതിമാസം 50രൂപയും കടകള്‍ 100രൂപയുമാണ് ഹരിത കര്‍മ സേനക്ക്​ നല്‍കേണ്ടത്. മൂന്നാം വാര്‍ഡായ പുന്നസിറ്റി (വീടുകള്‍ 200, കടകള്‍ 8), അഞ്ചാം വാര്‍ഡ് എന്നാർസിറ്റി (വീടുകള്‍ 314, കടകള്‍ 12), ആറാം വാര്‍ഡ് വാക്കാ സിറ്റി (വീടുകള്‍ 300, കടകള്‍ 2), 11ാം വാര്‍ഡ് കള്ളിമാലി (വീടുകള്‍ 278, കടകള്‍ 12), 13ാം വാര്‍ഡ് പന്നിയാര്‍കുട്ടി (വീടുകള്‍ 228, കടകള്‍ 4) എന്നിങ്ങ​െനയാണ്​ കട - വീടുകളുടെ എണ്ണം. വനജ സുരേന്ദ്രന്‍, ശാന്തി സുരേഷ്, റോസമ്മ സിബി, സിന്ധുമോള്‍, മിനിഷാജി, ശ്രീദേവി, ജോണ്‍സി എന്നീ ഹരിതകര്‍മ സേനാംഗങ്ങളാണ് ഇവിടെ കഠിനാധ്വാനത്തിലൂടെ മാതൃകയാകുന്നത്​. വാര്‍ഡിലെ വീടുകള്‍ വൃത്തിയാക്കുന്നതിനൊപ്പം അത്യാവശ്യ വരുമാനം കൂടി സ്വന്തമാക്കുകയാണ് ഹരിതകര്‍മ സേനാംഗങ്ങള്‍. തീര്‍ത്തും സാധാരണക്കാരായ കുടുംബങ്ങളാണ് മുടങ്ങാതെ യൂസര്‍ഫീ നല്‍കി പഞ്ചായത്തിന് മുതല്‍ക്കൂട്ടായത്. ഭൂരിപക്ഷം ആളുകളും തോട്ടം മേഖലയില്‍ പണിയെടുക്കുന്നവരാണ്. ഒരു തവണ പണമില്ലാതെ വന്നാലും യൂസര്‍ ഫീസ് പിറ്റേ മാസം ഓര്‍മിപ്പിച്ച് നല്‍കുന്നവരാണിവര്‍. രോഗവും മറ്റ് പ്രശ്‌നങ്ങളും കാരണം തീര്‍ത്തും നിവൃത്തിയില്ലാത്തവരുടെ യൂസര്‍ ഫീ പഞ്ചായത്ത് പ്രോജക്ടിലൂടെ നല്‍കുന്നതിനും വഴിയൊരുക്കിയെന്ന്​ പഞ്ചായത്ത് അസി. സെക്രട്ടറി ടി.കെ. കാഞ്ചന പറയുന്നു. ഒരു വാര്‍ഡില്‍ പത്ത് കുടുംബങ്ങളാണ് ഇത്തരത്തിൽ കണക്കാക്കിയത്. 130 പേരുടെ യൂസര്‍ഫീയാണ് പഞ്ചായത്ത് നല്‍കുന്നത്. ----------- ചിത്രം- ​TDL101 HARITHASENA രാജാക്കാട്ടിൽ ഹരിതകതര്‍മ സേനാംഗങ്ങള്‍ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.