വയോധികയുടെ വീട്ടിലേക്ക് റോഡിലെ വെള്ളം; നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തൊടുപുഴ: പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം നിർമിച്ച റോഡിൽ നിന്നുള്ള മഴവെള്ളം വിധവയായ വയോധികയുടെ പറമ്പിൽ ഒഴുകിയെത്തി വീടിന് വിള്ളൽ സംഭവിച്ചെന്ന പരാതിയിൽ ജില്ല പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കട്ടപ്പന കൊച്ചുകാമാക്ഷി സ്വദേശിനി മേരി ചാക്കോയുടെ പരാതി അടിയന്തരമായി പരിഹരിക്കാനാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടത്. ഇടുക്കി പഞ്ചായത്ത് ഉപഡയറക്ടർ കമീഷന്​ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റോഡിലെ വെള്ളം പരാതിക്കാരിയുടെ സ്ഥലത്തിന് അരികിലൂടെ ഒഴുകത്തക്ക രീതിയിലാണ് നിർമാണം നടത്തിയിട്ടുള്ളതെന്നും ഓട നിർമിച്ച് പ്രശ്നം പരിഹരിക്കാൻ ജില്ല പഞ്ചായത്തിന് നിർദേശം നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, റോഡ് നിർമാണം തങ്ങൾ നടത്തിയതല്ലെന്നും പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം നിർമിച്ച റോഡ് തങ്ങൾക്ക് കൈമാറിയതാണെന്നും ജില്ല പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾക്ക് മേൽ ജില്ല പഞ്ചായത്തിന് അധികാരമില്ല. ജില്ല പഞ്ചായത്തി​ൻെറ പുതിയ ഭരണസമിതിയുടെ പരിഗണനക്ക് ഇക്കാര്യം സമർപ്പിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന്​ കമീഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.