വിദഗ്ധ ചികിത്സക്ക്​ സൗകര്യമില്ലാതെ കുമളി

കുമളി: ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ നട്ടംതിരിയുന്ന കുമളിയിൽ വിദഗ്ധ ചികിത്സക്ക്​ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി സഞ്ചാരികളെത്തുന്ന കുമളിയിലും പരിസരങ്ങളിലും അത്യാസന്ന നിലയിലാകുന്നവരെ ചികിത്സിക്കാൻ ആശുപത്രികളില്ലാത്തതും സർക്കാർ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിത്സക്ക്​ സൗകര്യമില്ലാത്തതുമാണ്​ പ്രതിസന്ധി സൃഷ്ടിക്കുന്നത്​. ചൊവ്വാഴ്ച രണ്ട്​ യുവാക്കൾ മരിച്ചതാണ്​ കുമളിയിൽ വിദഗ്​ധ ചികിത്സക്ക്​ സൗകര്യങ്ങളില്ലാത്തത്​ ചർച്ചയാകാൻ കരണം. ഒരാഴ്ചയായി പനി ബാധിതരായിരുന്ന അമരാവതി വെട്ടിക്കോട്ടിൽ ലിജോ (27), കുമളി മന്നാക്കുടി ആദിവാസി കോളനിയിൽ ആർ. സുനിൽ (37) എന്നിവരാണ് മരിച്ചത്​. ഒന്നാംമൈലിൽ വാഹന സംബന്ധമായ ജോലികൾ ചെയ്തിരുന്ന ലിജോ ഭാര്യ സൗമ്യ, മക്കളായ ലിയ, ലിമിയ എന്നിവർക്കൊപ്പം ഇരുചക്രവാഹനം ഓടിച്ചാണ് രാവിലെ കുമളി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. അവശത തോന്നിയ ലിജോയെ ഉടൻ പരിശോധിച്ച്​ മരുന്നുകൾ നൽകിയെങ്കിലും ഒരുമണിക്കൂർ തികയും മുമ്പേ മരിച്ചതായി ബന്ധുക്കൾ പറയുന്നു. ഇതിന്​ പിന്നാലെയാണ്​ തേക്കടിയിലെ വനം വകുപ്പ് വാച്ചർ കൂടിയായ സുനിലിനെ ആശുപത്രിയിൽ എത്തിച്ചത്​. സുനിൽ ആശുപ​​ത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. അടിയന്തര സാഹചര്യങ്ങളിൽ വിദഗ്​ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം കുമളിയിൽ ഒരുക്കണമെന്ന ആവശ്യത്തിന്​ വർഷങ്ങളുടെ പഴക്കമുണ്ട്​. എന്നാൽ, ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ്​ ഉണർന്ന്​ പ്രവർത്തിക്കുന്നില്ലെന്നാണ്​ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.