ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ, എസ്.ഐ സീറ്റ് ബെൽറ്റിടാത്തതെന്തെന്ന്​ യുവാവ്; പൊലീസിനെതിരേ കയര്‍ത്തു സംസാരിച്ചതിന്​ ഒടുവിൽ ​കേസ്​

തൃപ്പൂണിത്തുറ: ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയ പൊലീസിനെതിരേ കയര്‍ത്തു സംസാരിച്ച യുവാവിനെതിരേ കേസ്. വൈക്കം ഉദയനാപുരം വലിയതറയില്‍ കുമാരന്‍റെ മകന്‍ ബിനോയ് (45) നെതിരേയാണ് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സൗത്ത് പറവൂര്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം.

പറവൂരിലെ ബിനോയിയുടെ കടയുടെ സമീപത്തുവെച്ചായിരുന്നു പൊലീസ് പിഴ ഈടാക്കിയത്. വൈക്കത്തു നിന്നും പറവൂരിലേക്ക് വരികയായിരുന്ന ബിനോയി ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവന്നുവെന്നാരോപിച്ചായിരുന്നു പിഴ ഈടാക്കിയത്. അതേസമയം, താന്‍ ഹെല്‍മെറ്റ് വെച്ചിരുന്നെന്നും കടയിലെത്തി ബൈക്കില്‍ നിന്നും ഇറങ്ങുന്ന സമയം ഹെല്‍മെറ്റ് മാറ്റിയപ്പോഴാണ് പൊലീസ് എത്തിയതെന്നും പിഴ ഈടാക്കിയതെന്നുമാണ് ബിനോയുടെ വിശദീകരണം.

സംഭവം നടക്കുന്ന സമയം ബിനോയി വീഡിയോ പിടിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പൊലീസ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐ.സാബു സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നാരോപിച്ച് ബിനോയി ഇത് ചോദ്യം ചെയ്യുകയും ചെയ്തു. പിഴ കോടതിയില്‍ അടച്ചുകൊള്ളാമെന്നും ആദ്യം സീറ്റ് ബെല്‍റ്റ് ധരിച്ചിട്ട് മറ്റുള്ളവര്‍ക്ക് പിഴ ഈടാക്കൂവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഇയാള്‍ക്കെതിരേ കേസെടുത്തെന്നും സ്റ്റേഷനില്‍ ഹാജരാകുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉദയംപേരൂര്‍ സി.ഐ.ബാലന്‍ പറഞ്ഞു.

Tags:    
News Summary - case for speaking out against the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.