ചിരിയിൽ ഒന്നാം ക്ലാസ്... സങ്കടവും കണ്ണീരും നിറഞ്ഞ അധ്യയന വർഷത്തിലെ ആദ്യദിന കാഴ്ചകളിൽനിന്ന് ഭിന്നമായി പുതിയ കാലത്തെ ഒന്നാം ക്ലാസുകാർ. മിഠായിയും കളിപ്പാട്ടങ്ങളും നൽകി കുരുന്നുകൾക്ക് ഊഷ്മള വരവേൽപാണ് ലഭിച്ചത്. എറണാകുളം ഗവ. ഗേൾസ്ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിലേക്ക് എത്തിയ നിലാമഴ, നേപ്പാൾ സ്വദേശി റിയ ഗർത്തി മഗർ എന്നിവർ ആഹ്ലാദം പങ്കിടുന്നു. അഷ്കർ ഒരുമനയൂർ
കൊച്ചി: എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് മുറിയിലിരുന്ന് അനുജത്തിക്കുട്ടി റിയ ഗർത്തി മഗറിന് പുസ്തകത്തിലെ പാഠങ്ങൾ പരിചയപ്പെടുത്തുകയാണ് ചേച്ചി നിസ ഗർത്തി മഗർ. പാഠപുസ്തകത്തിലെ ചിത്രങ്ങൾ കാണിച്ച് ഇംഗ്ലീഷ് വാക്ക് പറഞ്ഞുനൽകി ഹിന്ദിയിൽ അതിന്റെ അർഥം പഠിപ്പിക്കുകയാണ് നിസ. നേപ്പാൾ കാഠ്മണ്ഡു സ്വദേശി നിസ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഈ വർഷം അനുജത്തി റിയയും ഒന്നാം ക്ലാസിൽ പ്രവേശനം നേടി.
നിസ മലയാളം സംസാരിക്കും. റിയയും പുതിയ സ്കൂൾ അന്തരീക്ഷം വേഗം ഇഷ്ടപ്പെട്ടു. കൂട്ടുകാരെ പരിചയപ്പെട്ട് കളിചിരികളുമായിട്ടായിരുന്നു ഒന്നാം ക്ലാസിലെ തുടക്കം. അൽപനേരം ഒപ്പമിരിക്കാൻ ചേച്ചിയെത്തിയപ്പോൾ സന്തോഷം ഇരട്ടിയായി. കൂട്ടുകാരോടൊപ്പം സ്കൂളിൽനിന്ന് ലഭിച്ച വർണക്കടലാസിൽ തീർത്ത തൊപ്പി വെച്ച് ക്ലാസിൽ മറ്റുകൂട്ടുകാരെ പരിചയപ്പെട്ടു. ഒപ്പമിരിക്കാൻ അതേ ബെഞ്ചിലെത്തിയ നിലാമഴ എന്ന കൂട്ടുകാരിയുമായി വേഗം കൂട്ടുകൂടി. പിന്നെ അവരുടേതായ കളിചിരികളുടെ നിമിഷങ്ങൾ.
എറണാകുളത്തെ സെക്യൂരിറ്റി ജീവനക്കാരൻ നിർ ബഹദൂർ ഗർത്തി മഗറിന്റെയും സാവിത്രിയുടെയും മൂന്നാമത്തെ മകളാണ് റിയ. മൂത്ത സഹോദരൻ ദുർഗ ഗർത്തി മഗർ എറണാകുളത്തുതന്നെ ബിരുദ വിദ്യാർഥിയാണ്. അഞ്ചുവർഷം മുമ്പാണ് ഇവരുടെ കുടുംബം എറണാകുളത്തെത്തിയത്. കടവന്ത്രയിലാണ് താമസം. മലയാളം പഠിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ലെന്ന് നിസ ഗർത്തി പറഞ്ഞു.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഷയങ്ങളാണ് തനിക്ക് ഏറെ പ്രിയം. എൻ.സി.സിയിൽ പ്രവർത്തിക്കാനും ഏറെ ഇഷ്ടമാണെന്ന് നിസ ഗർത്തി പറഞ്ഞു. കസിൻ സ്നിയ ഗർത്തി മഗറും ഇതേ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നുണ്ട്.32 വിദ്യാർഥികളാണ് ഇത്തവണ എറണാകുളം ഗവ. ഗേൾസ് സ്കൂളിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. ഇക്കൂട്ടത്തിൽ ഇതരസംസ്ഥാന വിദ്യാർഥികളുമുണ്ട്. എൽ.കെ.ജിയിലും നേപ്പാൾ സ്വദേശിയായ പ്രിൻസി എന്ന വിദ്യാർഥിനി പ്രവേശനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.