കൊച്ചി: അപര്യാപ്തതകൾക്ക് നടുവിൽ കിതക്കുകയാണ് ജില്ലയിലെ ഏതാനും റെയിൽവേ സ്റ്റേഷനുകൾ. ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാതെയും നിലവിലുണ്ടായിരുന്നവ വെട്ടിക്കുറച്ചും അടിസ്ഥാന സൗകര്യവികസനത്തിന് പരിഗണന നൽകാതെയുമുള്ള അധികൃതരുടെ നിലപാടുകളാണ് നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. നാളുകളായി ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇനിയും പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. വികസനം ഏറെ ദൂരത്തല്ലെന്ന ജനപ്രതിനിധികളുടെ ഉറപ്പിലാണ് യാത്രക്കാർ ആശ്വസിക്കുന്നത്. കാഞ്ഞിരമറ്റം, ചോറ്റാനിക്കര, കൊരട്ടി അങ്ങാടി, തിരുനെട്ടൂർ എന്നീ സ്റ്റേഷനുകളാണ് അടിയന്തര പരിഗണന കാത്തുനിൽക്കുന്നത്.
നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് കാഞ്ഞിരമറ്റം. എന്നാൽ വർഷങ്ങളായി തുടരുന്ന അധികൃതരുടെ അവഗണന സ്റ്റേഷൻ വികസനത്തിന് വിലങ്ങുതടിയാകുകയാണ്. മുമ്പുണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് കോവിഡ് കാലത്തോടെ നിർത്തലാക്കിയതാണ് പ്രയാസങ്ങൾക്ക് വഴിവെച്ചത്. എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് വിവിധ ജോലികൾക്കും വിദ്യാഭ്യാസത്തിനും മറ്റുമായി എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് സൗകര്യപ്രദമാകുംവിധം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. രാവിലെ 7.12നുള്ള മെമുവാണ് എറണാകുളത്ത് ഓഫിസ് സമയത്തെത്താൻ യാത്രക്കാർക്കുള്ള ആശ്രയം. രാവിലെ 8.40ഓടെ കാഞ്ഞിരമറ്റം വഴി സ്റ്റോപ്പില്ലാതെ കടന്നുപോകുന്ന 06169 കൊല്ലം-എറണാകുളം മെമുവിന് സ്റ്റോപ്പ് അനുവദിച്ചാൽ ഈ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകും. ഈ ട്രെയിനിന്റെ മടക്കയാത്രയിലും സ്റ്റോപ്പ് വേണം. എറണാകുളത്ത് നിന്ന് വൈകീട്ട് ജോലി കഴിഞ്ഞ് യാത്രക്കാർക്ക് മടങ്ങിയെത്താൻ ആകെയുള്ളത് 6.15ന് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെട്ട് 6.50ന് കാഞ്ഞിരമറ്റത്ത് എത്തുന്ന മെമുവാണ്. കോവിഡ് കാലത്തിന് മുമ്പ് വൈകീട്ട് 7.45ന് എറണാകുളം നോർത്തിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ-കോട്ടയം പാസഞ്ചർ ട്രെയിന് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നു. പിന്നീട് അത് ഒഴിവാക്കപ്പെട്ടു. എറണാകുളത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലുമൊക്കെ ജോലി ചെയ്യുന്നവർക്ക് 6.15ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കയറുകയെന്നത് അപ്രാപ്യമാണ്. അതിനാൽ നിലമ്പൂർ-കോട്ടയം ട്രെയിന് അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. രണ്ട് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ഓവർബ്രിഡ്ജ് നിർമാണവും അടിയന്തരമായി നടക്കേണ്ടതുണ്ട്. സാമൂഹികവിരുദ്ധരുടെ താവളമാകാതെ സ്റ്റേഷൻ സംരക്ഷിക്കുകയും വേണം.
എറണാകുളം-കായംകുളം തീരദേശ പാതയിൽ അടഞ്ഞുകിടക്കുന്ന തിരുനെട്ടൂർ റെയിൽവേ സ്റ്റേഷൻ തുറക്കണമെന്ന ആവശ്യം ശക്തമാണ്. ടിക്കറ്റ് കൗണ്ടർ കരാറെടുക്കാൻ ആളില്ലാതായതോടെ അടച്ചുപൂട്ടിയതാണെന്നാണ് ലഭ്യമായ വിവരം. സ്റ്റേഷൻ പൂട്ടിയതിനാൽ പാസഞ്ചർ, മെമു ട്രെയിനുകൾ ഉൾപ്പെടെ നിർത്താത്ത സ്ഥിതിയിലായി. നിരവധിയാളുകൾ ആശ്രയിച്ചിരുന്ന ഇവിടം ഇപ്പോൾ കാടുകയറി മോശം സ്ഥിതിയിലാണ്.
റെയിൽവേ അധികൃതർക്ക് മുന്നിൽ, നഗരസഭയുടെ കൂടി ഇടപെടലിലൂടെ സ്റ്റേഷൻ വീണ്ടും പ്രവർത്തനസജ്ജമാക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ യാത്രക്കാർ ഏറെ പ്രയാസപ്പെടുന്ന റെയിൽവേ സ്റ്റേഷനാണ് ചോറ്റാനിക്കര റോഡ്. എറണാകുളം, കോട്ടയം നഗരങ്ങളിലേക്ക് നിരവധിയാളുകൾ ഇവിടെ നിന്ന് ജോലിക്കും പഠനത്തിനുമായി യാത്ര ചെയ്യുന്നുണ്ട്.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയാണ് ഇവിടത്തെ യാത്രക്കാരുടെ പ്രധാന ആവശ്യം. നിലവിൽ മെമു, പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.
ട്രെയിൻ പൂർണമായി ഉൾക്കൊള്ളാൻ കഴിയുന്നത്ര നീളം പ്ലാറ്റ്ഫോമിനില്ലെന്നത് വലിയ പോരായ്മയാണ്. 14 റേക്കുകളുള്ള പാസഞ്ചർ ട്രെയിൻ നിർത്തുമ്പോൾ പല ബോഗികളും പ്ലാറ്റ്ഫോമിന് പുറത്താണുണ്ടാകുക. അതിനാൽ പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ മുകളിൽ നിന്ന് ചാടിയിറങ്ങേണ്ട സ്ഥിതിയാണ്. പ്ലാറ്റ്ഫോമിന് ആവശ്യത്തിന് ഉയരമില്ലെന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.