മീനയും ഭർത്താവും പീസ്വാലി ജീവനക്കാർക്കൊപ്പം
കോതമംഗലം: മാനസിക വിഭ്രാന്തിയുമായി തെരുവിൽ അലഞ്ഞിരുന്ന അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു. രണ്ടുമാസം മുമ്പാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാനസിക വിഭ്രാന്തിയുമായി അലഞ്ഞുനടന്ന യുവതിയെയും നാലുവയസ്സ് തോന്നിക്കുന്ന കുഞ്ഞിനെയും പൊലീസ് കണ്ടെത്തുന്നത്.
തുടർന്ന് ശിശുക്ഷേമ സമിതിവഴി ചികിത്സക്കും പരിചരണത്തിനുമായി കോതമംഗലം പീസ് വാലിയെ ഏൽപിച്ചു. പീസ് വാലിക്ക് കീഴിലെ നിർഭയ കേന്ദ്രത്തിലും സൈക്യാട്രി ഹോസ്പിറ്റലിലുമായി നൽകിയ വിദഗ്ധ ചികിത്സയിലൂടെ യുവതി പതിയെ സാധാരണ മാനസികാവസ്ഥ കൈവരിച്ചു. അമ്മ ചികിത്സയിൽ കഴിഞ്ഞിരുന്ന നാളുകളിൽ നാലുവയസ്സുള്ള കുഞ്ഞ് പീസ് വാലിയുടെ ചിൽഡ്രൻസ് വില്ലേജിലായിരുന്നു കഴിഞ്ഞിരുന്നത്.
നിരന്തര കൗൺസലിങ്ങിലൂടെ പശ്ചിമ ബംഗാൾ സ്വദേശിയാണെന്നും മീന എന്നാണ് പേരെന്നും കുഞ്ഞിന്റെ പേര് രോഹൻ എന്നാണെന്നും മേൽവിലാസവും ബന്ധുക്കളുടെ വിവരങ്ങളും യുവതി കൈമാറി. തുടർന്ന് ശിശുക്ഷേമ സമിതി മുഖേന പശ്ചിമ ബംഗാളിലെ മിദ്നാപൂർ ജില്ല ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് ഭർത്താവിനെയും യുവതിയുടെ മാതാപിതാക്കളെയും കണ്ടെത്തുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം മീനയുടെ ഭർത്താവ് ദബ്ബുലാൽ ആദക് പീസ് വാലിയിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഏറ്റെടുത്തു. മുമ്പ് കേരളത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ദബ്ബുലാൽ ഭാര്യയെയും കൊണ്ടുവന്നിരുന്നു. ആ ഓർമയിലാകാം കേരളത്തിൽ എത്തിയതെന്ന് കരുതുന്നതായി ദബ്ബുലാൽ പറഞ്ഞു.
സൈക്യാട്രിസ്റ്റ് ഡോ. നിഖിൽ ജോർജ്, മാനേജർ എം.എം. ജലാൽ, സൈക്കോളജിസ്റ്റ് ശിഖ, റംസി ഷാജഹാൻ എന്നിവരുടെ നിരന്തരപരിശ്രമമാണ് മീനയെ പുതുജീവിതത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.