വർക്കല സംഭവം; ട്രെയിനിൽ മദ്യപിച്ച്​ യാത്രചെയ്ത 15 പേർ പിടിയിൽ

ആലപ്പുഴ: വർക്കലയിൽ ഓടുന്ന ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ടതിന് പിന്നാലെ ‘മദ്യപന്മാരെ’ പിടികൂടാൻ റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ മൂന്നുദിവസത്തിനിടെ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 15 പേർ കുടുങ്ങി. ഇവർക്കെതിരെ കേസെടുത്തശേഷം പലരെയും താക്കീത് നൽകി തുടർയാത്ര അനുവദിച്ചു. മദ്യപിച്ച് നിലതെറ്റിയ അവസ്ഥയിലുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല.

ആക്രമാസക്തർ, പ്രശ്ന സാധ്യത എന്നിവ സംശയിച്ചാലും യാത്ര നിഷേധിക്കും. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് റെയിൽവേ പൊലീസും ആർ.പി.എഫും അറിയിച്ചു. ട്രെയിനുകളിൽവന്ന് ഇറങ്ങുന്നവരെയും പോകുന്നവരും ട്രെയിനിൽ യാത്ര ചെയ്യുന്നവരെയും പരിശോധിക്കുന്നുണ്ട്. ബ്രീത്ത് അനലൈസർ ഉപയോഗിച്ചാണ് പരിശോധന.

റെയിൽവേ സ്റ്റേഷനിലും ട്രെയിൻ യാത്രക്കിടയിലും മദ്യപിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വർക്കല സംഭവത്തിന് ശേഷം മദ്യപിച്ചും ശല്യമായും എത്തുന്നവർക്കെതിരെ ഒട്ടേറേ ഫോൺ കോളുകൾ എത്തുന്നുണ്ട്. ഇത് കൃത്യമായി പരിശോധിക്കാനും സംവിധാനമുണ്ട്. റെയിൽവേ സ്റ്റേഷനിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്കെതിരെയും യാചകർക്കെതിരെയും നടപടി സ്വീകരിക്കും.

വേണം ‘സുരക്ഷ’

ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരിയെ മദ്യപൻ ആക്രമിച്ച് തള്ളിയിട്ട സംഭവത്തിന് പിന്നാലെ ഭീതിയോടെയാണ് പലരുടെയും യാത്ര. എന്തു സുരക്ഷയാണ് റെയിൽവേ യാത്രക്കാർക്ക് നൽകുന്നതെന്നാണ് പ്രധാന ചോദ്യം. ആരെയും പേടിക്കാനില്ലെന്ന തോന്നലാണ് പലരെയും ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ജനറൽ കമ്പാർട്മെന്‍റുകളിലാണ് സേനയുടെ സാന്നിധ്യം വേണ്ടത്. പലപ്പോഴും ഇത്തരം കമ്പാർട്മന്‍റുകളിൽ പൊലീസുകാർ ഉണ്ടാവില്ല. മദ്യപിച്ചും ലഹരി ഉപയോഗിച്ചും കയറുന്നവരിൽ ഏറെയും ജനറൽ കമ്പാർട്മന്‍റുകളിൽ യാത്രചെയ്യുന്നവരാണ്. പണപ്പിരിവിനായി യാചകസംഘവും എത്താറുണ്ട്. മോഷണവും നടക്കുന്നുണ്ട്.

ബോധവത്കരണത്തിന് തുടക്കം

പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കിയതിനൊപ്പം യാത്രക്കാർക്കുള്ള പ്രത്യേക സുരക്ഷ ബോധവത്കരണത്തിനും ജില്ലയിൽ തുടക്കമായി. റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് ആദ്യദിനത്തിൽ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിലായിരുന്നു ബോധവത്കരണം. ആദ്യഘട്ടത്തിൽ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മകൾക്കായാണ് ബോധവത്കരണം നടത്തിയത്. 85ലേറേ പേർ പങ്കെടുത്തു.

ട്രെയിൻ യാത്രയിൽ എങ്ങനെ സുരക്ഷിതരാകാമെന്നതിനെക്കുറിച്ചായിരുന്നു ക്ലാസ്. അപകട സാഹചര്യങ്ങളെ എങ്ങനെ നേരിടണം, മറ്റ് യാത്രക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പ് വരുത്തണം, യാത്രയിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു പരിപാടി. വരും ദിവസങ്ങളിൽ മറ്റ് റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാർക്കായി ബോധവത്കരണം നടത്തും.

Tags:    
News Summary - Varkala incident: 15 people arrested for travelling in a train while drunk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.