സിൽവർ ലൈൻ ഗുരുതര പ്രത്യാഘാതം വരുത്തുമെന്ന് ആവർത്തിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

കൊച്ചി: സില്‍വര്‍ലൈൻ പദ്ധതിക്ക് കേരളത്തിന്റെ വികസനത്തിൽ മുൻഗണനയല്ലെന്ന നിലപാട് ആവർത്തിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി സംബന്ധിച്ച് സംഘടന നടത്തിയ പുതിയ പഠനത്തിൽ അതുണ്ടാക്കുന്ന പരിസ്ഥിതി, സാമൂഹിക പ്രത്യാഘാത സാധ്യതകള്‍ ഗൗരവമേറിയതും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണെന്ന് കണ്ടെത്തി. തുടർന്ന് എറണാകുളം കടയിരുപ്പിൽ നടന്ന 59ാം സംസ്ഥാന സമ്മേളനം സിൽവർ ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളുമായി ചർച്ചചെയ്യാൻ തയാറാകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.

സിൽവർലൈൻ കടന്നുപോകുന്ന 30 മീറ്റർ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശത്തെയും പ്രത്യേകമായി എടുത്താണ് സംഘടന പുതിയ പഠനം നടത്തിയത്. പാത കടന്നുപോകുന്ന 202 കിലോമീറ്റർ പ്രളയസാധ്യത പ്രദേശമാണ്. ഇവിടെത്തന്നെ 1050 ഏക്കറിൽ എംബാങ്ക്മെന്റുകളോ കട്ടിങ്ങുകളോ ആണ് നിർമിക്കുന്നതെന്നത് പ്രതിസന്ധി വർധിപ്പിക്കും. പാത 204 ഇടത്ത് അരുവികളെയും 57 ഇടത്ത് നദികളെയോ മറ്റു ജലാശയങ്ങളെയോ മുറിക്കുന്നുണ്ട്.

500ഓളം അടിപ്പാതകളും 500ഓളം പാലങ്ങളും പദ്ധതിയുടെ ഭാഗമായി പുതുതായി നിർമിക്കേണ്ടി വരും. ഇവയാക്കെ നീരൊഴുക്കിന്റെ സ്വാഭാവികതയിൽ വരുത്താവുന്ന മാറ്റങ്ങളെപ്പറ്റി ഡി.പി.ആറില്‍ കാര്യമായാന്നും പറയുന്നില്ല. നെല്‍വയലുകള്‍, ചതുപ്പുകള്‍, നദീമുഖങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെങ്കല്‍കുന്നുകള്‍, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസവ്യവസ്ഥകള്‍, ജൈവ വൈവിധ്യ സങ്കേതങ്ങള്‍ എന്നിവയിലൂടെയെല്ലാം സില്‍വര്‍ലൈന്‍ കടന്നുപോകുന്നുണ്ട്. പാത പോകുന്ന സ്ഥലത്ത് 30 മീറ്റർ പരിധിയില്‍ 7409 വീടുകളും 33 ഫ്ലാറ്റുകളും വരുന്നുണ്ട്. 30 മീറ്റർ മൊത്തത്തിൽ 8469 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരും. 1927 ഏക്കര്‍കൃഷി സ്ഥലം പൂര്‍ണമായി നശിക്കും. എംബാങ്ക്മെന്റും കട്ടിങ്ങും പണിയാന്‍ മാത്രം 1050 ഏക്കര്‍ സ്ഥലമെടുക്കേണ്ടിവരും. ഇത് കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്, തൃശൂർ ജില്ലകളിലാണ്. ഈ ജില്ലകളിലെ സില്‍വര്‍ലൈനിന്റെ ആകെ നീളത്തിന്റെ ശരാശരി 75 ശതമാനത്തിൽ അധികം വരും. കോഴിക്കാട് ജില്ലയില്‍ പാതയുടെ ആകെ നീളമായ 75 കി.മീറ്ററില്‍ 60 കി.മീറ്ററും എംബാങ്ക്മെന്റും കട്ടിങ്ങും ചേർന്നതാണ്. മറ്റൊരു ആറര കി.മീ. കോഴിക്കാട് നഗരത്തിനും കല്ലായിപ്പുഴക്കും അടിയിലൂടെയുള്ള ടണലും.

ബ്രോഡ്ഗേജില്‍നിന്ന് മാറി സ്റ്റാന്‍ഡേര്‍ഡ് ഗേജ് നിർമിക്കുമ്പോള്‍ രണ്ടിനെയും ചേര്‍ത്ത് ഒരു താരതമ്യപഠനം പോലും നടത്തിയിട്ടില്ല. ഭൂരിഭാഗം ജനങ്ങള്‍ക്ക് ഗുണമുണ്ടാകുന്നതും ഒപ്പം പാരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതുമാകണം വികസനപദ്ധതികള്‍ എന്നതാണ് പരിഷത്തിന്റെ നിലപാട്. ഈ രീതിയില്‍ പരിശോധിക്കുമ്പോള്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിൽ നിലവിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് പരിഷത്ത് പഠനത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Sastra Sahitya Parishad says Silver Line will have serious repercussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.