നിരത്തൊഴിയുന്ന സ്വകാര്യ ബസുകൾ: ഇന്ധനവില നടുവൊടിച്ചു; നികുതിയടക്കാനും പെടാപ്പാട്

കൊച്ചി: വീട്ടുമുറ്റത്തും വഴിയരികിലും കിടന്ന് തുരുമ്പെടുത്ത് നശിക്കുന്ന ബസുകൾ, നികുതിയടക്കാൻ ഇളവുതേടി അധികാരികൾക്ക് മുന്നിൽ കാത്തുനിൽക്കുന്ന ബസ് ഉടമകൾ, തൊഴിൽ നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ... പൊതുഗതാഗത മേഖലയിൽനിന്ന് അപ്രത്യക്ഷമായേക്കുമോ എന്ന ഭയത്തിലാണ് സ്വകാര്യ ബസ് വ്യവസായം. ഇന്ധന വിലവർധന നടുവൊടിച്ച മേഖലക്ക് കോവിഡുകാല അടച്ചുപൂട്ടൽ വൻ തിരിച്ചടിയാണ് നൽകിയത്.

ജില്ലയിൽ 240ഓളം ബസുകളാണ് കോവിഡ് കാലത്തിനുശേഷം സാമ്പത്തിക പ്രതിസന്ധിമൂലം നിരത്തൊഴിഞ്ഞത്. പല ബസുകളും സർവിസ് നിർത്തിയപ്പോൾ ചില റൂട്ടുകൾ തന്നെ ഇല്ലാതായെന്ന് മേഖലയിലുള്ളവർ പറയുന്നു. കോവിഡ് കാലത്തിന് മുമ്പ് 1840 ബസുകളാണ് ജില്ലയിലെ വിവിധ മേഖലകളിലായി സർവിസ് നടത്തിയിരുന്നത്. അടച്ചുപൂട്ടൽ കാലത്തിനുശേഷം പൊതുഗതാഗതം പുനരാരംഭിച്ചപ്പോൾ എങ്ങനെയെങ്കിലും കരകയറണമെന്ന ആഗ്രഹത്താൽ നിരവധി ബസ് ഉടമകൾ വീണ്ടും വാഹനവുമായി നിരത്തിലിറങ്ങി. എന്നാൽ, പലർക്കും രണ്ടുമാസത്തിലധികം മുന്നോട്ടുപോകാനായില്ല.

ഇപ്പോൾ സർവിസ് നടത്തുന്ന ബസുകൾ പലതും എത്ര ദിവസം കൂടി മുന്നോട്ടുപോകുമെന്ന് അറിയാത്ത സ്ഥിതിയിലാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ നേതാവ് എം.ബി. സത്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഡീസൽ വില 100 രൂപയും കടന്നപ്പോൾ ബസ് വ്യവസായത്തിനുപകരം നിത്യവൃത്തിക്ക് മറ്റു മാർഗങ്ങൾ തേടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ഇന്ധനവില നടുവൊടിച്ചു; നികുതിയടക്കാനും പെടാപ്പാട്

ഇന്ധന വിലവർധന ബസ് മേഖലയെ വട്ടംചുറ്റിക്കുകയാണ്. നഗരത്തിലോടുന്ന ബസുകൾക്ക് ഒരുദിവസം കുറഞ്ഞത് 70 ലിറ്റർവരെ ഡീസൽ വേണം. അതിനൊപ്പം ഉയർന്ന നികുതി തുക അടക്കാൻ പെടാപ്പാട് പെടുകയാണ് ബസുകാർ. അഞ്ചോ ആറോ തവണകളായി അടക്കാനുള്ള അനുമതി നൽകണമെന്ന ആവശ്യവുമായി അധികാരികളുടെ മുന്നിൽ നിവേദനങ്ങളുമായി അവർ കയറിയിറങ്ങുകയാണ്. മൂന്ന് മാസത്തെ നികുതി ഇനത്തിൽ 20,000 മുതൽ 36,000 രൂപവരെയാണ് അടക്കേണ്ടത്. 2014വരെ ബസുകളുടെ സീറ്റ് എണ്ണം അടിസ്ഥാനപ്പെടുത്തിയായിരുന്നു നികുതി കണക്കാക്കിയിരുന്നത്. എന്നാൽ, അതിനുശേഷം ഓരോ ബസിന്‍റെയും അളവ് സ്ക്വയർഫീറ്റ് അടിസ്ഥാനത്തിലാക്കി നികുതി ഈടാക്കാൻ ആരംഭിച്ചു. ഇതോടെ മുമ്പ് 20,000 രൂപ ടാക്സ് അടച്ചിരുന്നവർക്ക് 26,000 രൂപയോളമെത്തി നികുതി. ഡ്രൈവർ സീറ്റും കാബിനുമടക്കം ഉൾപ്പെടുന്ന ഭാഗത്തിന്‍റെയും അളവ് കണക്കാക്കി നികുതി ഈടാക്കുന്ന രീതിക്കെതിരെ പരക്കെ ആക്ഷേപമുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചുണ്ടാകുന്ന അറ്റകുറ്റപ്പണിക്ക് വേണ്ടിയും വലിയൊരു തുക കണ്ടെത്തേണ്ടി വരുന്നു.

ബസുകാത്ത് മടുത്തു

എറണാകുളം നഗരത്തിൽ എം.ജി റോഡിലൂടെ മിനിറ്റുകൾ ഇടവിട്ട് സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ ഓർമയിലേക്ക് മാഞ്ഞു. ഏറെനേരം കാത്ത് നിൽക്കുമ്പോഴാണ് യാത്രക്കാർക്ക് ഇപ്പോൾ ഒരു ബസ് ലഭിക്കുക. കൊച്ചി മെട്രോയുടെ വരവ്, പ്രധാന വ്യാപാരകേന്ദ്രമായിരുന്ന എം.ജി റോഡിന്‍റെ പ്രാധാന്യം കുറഞ്ഞത്, അങ്ങനെ നിരവധി കാരണങ്ങളിലൂടെ ജനങ്ങൾ ഇവിടേക്ക് എത്തുന്നത് കുറഞ്ഞതോടെ ബസ് സർവിസ് നഷ്ടത്തിലാകുകയായിരുന്നു. എറണാകുളം നഗരത്തിൽ ഏറ്റവുമധികം കലക്ഷൻ ലഭിച്ചിരുന്ന വൈറ്റില-വൈറ്റില സർക്കുലർ സർവിസ് ഇന്ന് വൻ നഷ്ടത്തിലാണെന്ന് ബസ് ഉടമകൾ പറയുന്നു.

യാത്ര സംസ്കാരവും മാറി

കോവിഡ് കാലത്തിനുശേഷം മലയാളിയുടെ യാത്ര സംസ്കാരം അടിമുടി മാറിയതാണ് ബസ് വ്യവസായത്തിന് തിരിച്ചടിയായ പ്രധാന ഘടകങ്ങളിലൊന്ന്. മാസങ്ങളോളം ബസ് സർവിസ് ഇല്ലാതായതോടെ ആളുകൾ ബദൽ മാർഗങ്ങൾ കണ്ടെത്തി. ഇരുചക്രവാഹനങ്ങളിലേക്ക് വലിയൊരു വിഭാഗം യാത്ര മാറ്റിയതോടെ ബസുകളിൽ ആളുകൾ തീരെക്കുറഞ്ഞു.

പൊതുഗതാഗതം സാധാരണ നിലയിലായപ്പോഴും അവർ ബസുകളിലേക്ക് മടങ്ങിയെത്തിയില്ല. ഘട്ടം ഘട്ടമായി പൊതുഗതാഗതം പൂർവസ്ഥിതിയിലെത്തുമ്പോഴും കണ്ടെയ്ൻമെന്‍റ് സോൺ, ഞായറാഴ്ച ലോക്ഡൗൺ എന്നിവയൊക്കെ ബസ് വ്യവസായത്തിന് തിരിച്ചടിയായി.

ഇത്തരം പ്രതിബന്ധങ്ങൾ യാത്രക്കാരെ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കി. യാത്രക്കൂലി വർധിപ്പിക്കുമ്പോൾ നിലവിലെ ഇരുചക്ര വാഹന യാത്രക്കാർ തിരിച്ചെത്തുന്നത് കൂടുതൽ മങ്ങാനാണ് സാധ്യതയെന്ന് പൊതുഗതാഗത മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യാ​ത്ര​ക്കാ​ർ​ക്കും പ​റ​യാ​നു​ണ്ട്
ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രോ​ട് ന​ല്ല നി​ല​യി​ൽ പെ​രു​മാ​റു​ന്ന​വ​രാ​ണെ​ങ്കി​ലും ചി​ല​രെ​ങ്കി​ലും അ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മു​ണ്ട്. ചി​ല്ല​റ​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ ക​ണ്ട​ക്ട​ർ​മാ​ർ മോ​ശ​മാ​യി സം​സാ​രി​ക്കു​ന്നു​വെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ്ര​ധാ​ന പ​രാ​തി. വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള പ​രു​ഷ​മാ​യ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി​ട്ട് നി​ല​നി​ൽ​ക്കു​ന്ന​താ​ണ്. അ​തി​ന് ഇ​ന്നും ഒ​രു​മാ​റ്റ​വും വ​ന്നി​ട്ടി​ല്ല. ന​ഗ​ര​ത്തി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന ബ​സു​ക​ൾ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി. ജീ​വ​ന​ക്കാ​ർ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രോ​ട് ക​യ​ർ​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭി​ക്കേ​ണ്ട യാ​ത്ര​ക്കാ​ർ​ക്ക് അ​പ​മാ​നി​ത​രാ​യി വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങേ​ണ്ടി വ​രു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ബുദ്ധിമുട്ടിലായി തൊഴിലാളി ജീവിതം

പ്രതിസന്ധികൾക്കിടെ ഒരേസ്വരത്തിൽ ബസ് ഉടമകൾ പറയുന്ന ഒരു കാര്യമുണ്ട്. ചെറിയ തോതിലെങ്കിലും ബസ് സർവിസ് പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ അതിന്‍റെ പ്രധാന കാരണം തൊഴിലാളികളുടെ സേവന മനോഭാവമാണ്. കുറഞ്ഞ ശമ്പളം കൈപ്പറ്റിയാണ് തൊഴിലാളികളിൽ പലരും ഇപ്പോഴും ജോലി ചെയ്യുന്നത്.

ഡ്രൈവറെ കൂടാതെ രണ്ട് കണ്ടക്ടർമാരുണ്ടായിരുന്ന ബസുകളായിരുന്നു എറണാകുളം നഗരത്തിലേറെയും. ഇന്ന് അത് ഒരാളായി ചുരുങ്ങി. ഇതോടെ നിരവധി തൊഴിലാളികൾക്ക് ജോലിയില്ലാതായി. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ബസ് വ്യവസായം നഷ്ടത്തിലായതോടെ ശമ്പള വർധനയടക്കം ആവശ്യപ്പെടാനാകാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. പുലർച്ച ജോലിക്ക് പ്രവേശിക്കുന്ന തൊഴിലാളികൾ രാത്രി 10 വരെയൊക്കെയാണ് പണിയെടുക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യമെല്ലാം കണക്കിലെടുത്ത് നിരവധി പേർ മറ്റുതൊഴിൽ മേഖലകൾ കണ്ടെത്തി പിന്മാറുകയാണെന്ന് മോട്ടോർ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല ജനറൽ സെക്രട്ടറി ജോളി പൗവത്തിൽ പറഞ്ഞു.

(തുടരും) നാളെ -കെ.എസ്.ആർ.ടി.സിയുടെ മുഖം മാറണം                                                       

Tags:    
News Summary - Private buses stopping service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.