പീമാദേവിയെ ജൈൻ ദമ്പതികൾ ബന്ധുക്കൾക്ക് കൈമാറിയപ്പോൾ
മട്ടാഞ്ചേരി: ബസാറിലെ ജീർണിച്ച് നിലംപൊത്താറായ പാണ്ടികശാലയിൽ കഴിഞ്ഞ 11 വർഷങ്ങളായി ഒറ്റക്ക് താമസിച്ച പീമാദേവി ജന്മനാടായ നേപ്പാളിലെത്തി. വായോധികയായ പീമാദേവിയെ സുരക്ഷിതയായി സ്വദേശത്ത് എത്തിച്ച് ബന്ധുക്കൾക്ക് കൈമാറിയ നിർവൃതിയിൽ സാമൂഹിക പ്രവർത്തകൻ മുകേഷ് ജൈനും ഭാര്യ ഭാവന ജൈനയും കൊച്ചിയിലേക്ക് മടങ്ങി. ഭർത്താവിനൊപ്പം 48 വർഷങ്ങൾക്കുമുമ്പ് കൊച്ചിയിലെത്തിയ പീമാ തന്റെ ജന്മനാടിനോടെന്നപോലെ സ്നേഹം നൽകിയ മട്ടാഞ്ചേരിക്ക് ഒരിക്കൽകൂടി നന്ദിപറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് 12മണിയോടെയാണ് പീമാദേവിയും ജൈൻ ദമ്പതികളും നേപ്പാൾ അതിർത്തിയിലെത്തിയത്.
തുടർന്ന് ബന്ധുക്കൾ എത്തുന്നതുവരെ കാത്തിരിന്നു. രണ്ടുമണിയോടെ നേപ്പാളിലെ സിരികോട്ട് ഗ്രാമത്തിൽനിന്ന് സഹോദരൻ രവിലാൽ, ഇയാളുടെ മകൻ കൃഷ്ണ ബഹദൂർ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘമെത്തി. ഇവർ മുകേഷിനെയും ഭാര്യ ഭാവനയെയും മാലയിട്ട് സ്വീകരിച്ചു. പൊലീസിന്റെ അനുവാദത്തോടെ നേപ്പാളിലേക്ക് കയറിയ മുകേഷും ഭാവനയും പീമാദേവിയും ബന്ധുക്കൾക്കൊപ്പം ഫോട്ടോയും എടുത്ത് ബന്ധുക്കളെ ഏൽപിച്ച് കൊച്ചിയിലേക്ക് മടങ്ങി. തിങ്കളാഴ്ച രാവിലെ ഏഴിനാണ് തേവരയിലെ ഓൾഡേജ് ഹോമിൽനിന്ന് പീമാദേവിയുമായി മുകേഷും ഭാവനയും നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് യാത്രതിരിച്ചത്. വയോധികയും അസുഖബാധിതയുമായ ഇവരുടെ ഏറ്റവുംവലിയ ആഗ്രഹമാണ് തന്റെ സ്വന്തം നാടായ നേപ്പാളിലേക്ക് മടങ്ങണമെന്നത്. ആ സ്വപ്നമാണ് യാഥാർഥ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.