തുമ്പിച്ചാലിൽ ചത്തുപൊങ്ങിയ മത്സ്യങ്ങൾ
കീഴ്മാട്: തുമ്പിച്ചാൽ ജലാശയത്തിൽ ചെറിയത് ഉൾപ്പെടെ നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. ഞായറാഴ്ച പ്രഭാത സവാരിക്ക് എത്തിയവരാണ് മത്സ്യങ്ങൾ ശ്വാസംകിട്ടാതെ വെള്ളത്തിനു മുകളിൽ പൊങ്ങിവരുന്നതും ചത്തുപൊങ്ങി കിടക്കുന്നതും കണ്ടത്. വെള്ളത്തിന് കടുത്ത നിറവ്യത്യാസം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
വെള്ളം പലയിടങ്ങളിലും പതഞ്ഞ് പൊങ്ങിയ നിലയിലായിരുന്നു. കുറുവ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയവയിൽ ഏറെയും. മത്സ്യങ്ങൾ ജലാശയത്തിന് ഉപരിതലത്തിൽ മരണവെപ്രാളം കാണിക്കുന്നത് ദയനീയ കാഴ്ചയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.കാരണം വ്യക്തമല്ലെങ്കിലും നാലാംമൈൽ വ്യവസായ മേഖലയിൽനിന്നുള്ള രാസമാലിന്യമാണോ എന്ന് നാട്ടുകാർ സംശയിക്കുന്നു.
സംഭവം അറിഞ്ഞയുടൻ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉൾപ്പെടെ ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിനെ സംഭവം അറിയിക്കാൻ നിരവധി തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു പറഞ്ഞു. വെള്ളം പരിശോധനക്കായി എടുത്താൽ മാത്രമേ ഏത് രീതിയിലുള്ള മാലിന്യമാണ് കലർന്നതെന്ന് വ്യക്തമാവൂ.
തുമ്പിച്ചാലിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കാൻ കീഴ്മാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശ്രമം നടത്തുന്നത്. അത് തകിടം മറിക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുണ്ടായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു പറഞ്ഞു.
കീഴ്മാട്: തുമ്പിച്ചാലിന്റെ പരിസരത്തെ നിരവധി കിണറുകളിൽ ഉറവയായി എത്തുന്നത് തുമ്പിച്ചാലിലെ വെള്ളമാണ്. തുമ്പിച്ചാലിൽ ഇത്തരത്തിലുള്ള രാസമാലിന്യം എത്തുമ്പോൾ സമീപത്തെ കിണറുകളും മലിനമാകും. തുമ്പിച്ചാലിലെ ചീപ്പ് കവിഞ്ഞ് പോകുന്ന വെള്ളം എത്തിച്ചേരുന്നത് പശ്ചിമകൊച്ചിയുടേതടക്കമുള്ള കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കുമാണ്. തുമ്പിച്ചാലിൽനിന്നുള്ള വെള്ളം ചാലക്കൽ തോടുവഴിയാണ് പെരിയാറിലേക്ക് എത്തുന്നത്.
കീഴ്മാട്: വർഷങ്ങളായി പുല്ലും കാടും പിടിച്ചുകിടന്ന തുമ്പിച്ചാൽ ജലാശയം പഞ്ചായത്തിന്റെ ആവശ്യപ്രകാരം ജില്ല ഭരണകൂടത്തിന്റെ ഓപറേഷൻ വാഹിനി പദ്ധതിയിൽപെടുത്തി അടുത്തിടെയാണ് ശുചീകരിച്ചത്. ഇതു കൂടാതെ കേന്ദ്ര ജലശക്തി അഭിയാൻ പദ്ധതിയിൽപെടുത്തിയുള്ള പ്രവൃത്തികൾ തുമ്പിച്ചാലിൽ നടത്താനുള്ള കലക്ടറുടെ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതികളും നടപ്പാക്കുന്നത്.
വിവിധതരത്തിലുള്ള ടൂറിസം പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് ഇത്തരത്തിലുള്ള രാസമാലിന്യവും മറ്റും ഒഴുക്കി തുമ്പിച്ചാലിനെ നശിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നത്. മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോൺ വിളിച്ചാൽ പ്രതികരിക്കാത്ത പി.സി.ബി അധികൃതർക്കെതിരെ ജനരോഷം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.