സമൃദ്ധി ജനകീയ ഹോട്ടലിലെ അണിയറ പ്രവർത്തകർ
കെ.എ. ഫൈസൽ
കൊച്ചി: 10 രൂപ കൈയിലുണ്ടേൽ കൊച്ചിയിലെത്തുന്ന ആർക്കും വയറുനിറയെ ഊണുകഴിച്ച് മടങ്ങാം. പരമാര റോഡിലെ കൊച്ചി നഗരസഭയുടെ സമൃദ്ധി ജനകീയ ഹോട്ടലാണ് വിശപ്പുരഹിത നാട് സൃഷ്ടിക്കുന്നതിൽ സംസ്ഥാനത്തിന് മാതൃകയാകുന്നത്. കുടുംബശ്രീ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ച് ഒന്നരവർഷത്തിനിടെ 10 ലക്ഷത്തിലധികം ഊണാണ് ഇവിടെനിന്ന് വിതരണം ചെയ്തത്.
കോവിഡ് മഹാമാരിയുടെ കെടുതികൾ നിലനിൽക്കുന്ന വേളയിൽ കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ 2021 ഒക്ടോബർ ഏഴിനാണ് സമൃദ്ധി ജനകീയ ഹോട്ടലിന് തുടക്കം കുറിച്ചത്. നഗരസഭയാണ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകളും സുമനസ്സുകളുടെ സഹായവുമെല്ലാം കൂടിച്ചേർന്നതോടെ സാധാരണക്കാർക്കും ചെറിയ വരുമാനക്കാർക്കും കുറഞ്ഞ വിലയിൽ വിശപ്പടക്കാൻ കഴിയുന്ന ജനകീയ സ്ഥാപനം ഇവിടെ പിറവിയെടുക്കകയായിരുന്നു. ആദ്യഘട്ടത്തിൽ പ്രഭാത ഭക്ഷണവും പിന്നീട് നോൺ വെജ് ഊണും ഒടുവിൽ രാത്രി ഭക്ഷണശാലയുമെല്ലാം ഇവിടെ ആരംഭിച്ചു.
14 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച ഈ ജനകീയ ഭക്ഷണശാലയിലിപ്പോൾ ജീവനക്കാർ 60 പേരാണ്. ഇതിൽ 45 പേരാകട്ടെ സ്ഥിരം ജീവനക്കാരും. മൂന്ന് ഷിഫ്റ്റിലായാണ് ഇവരുടെ പ്രവർത്തനം. കുടുംബശ്രീയുടെ ഈസ്റ്റ്, സൗത്ത് മേഖലകളിലെ മൂന്ന് സി.ഡി.എസുകളിലെ അംഗങ്ങളാണ് ജീവനക്കാരായി പ്രവർത്തിക്കുന്നത്. വിശന്ന വയറുമായി രാവിലെ നഗരത്തിലെത്തുന്ന ആർക്കും 20 രൂപ കൊടുത്താൽ നാല് ഇഡ്ഡലിയും സ്വാദിഷ്ടമായ ചമ്മന്തിയും ഇവിടെനിന്ന് കഴിക്കാം.
രാവിലെ 10.30വരെ ഇഡ്ഡലി സാമ്പാർ, പൂരിമസാല മുട്ടക്കറി തുടങ്ങി വിവിധ ഇനങ്ങൾ പ്രാതലായി ലഭിക്കും. അതുപോലെ തന്നെയാണ് ഉച്ച നേരത്തും. 10 രൂപ കൈയിലുണ്ടങ്കിൽ വയറുനിറയെ ഈണ് കഴിക്കാം. ഇനത്തിനനുസരിച്ച് മുപ്പതോ നാല്പതോ രൂപ അധികം നൽകിയാൽ മീൻ അടക്കമുള്ള സ്പെഷലും ലഭിക്കും. 15 രൂപ നിരക്കിൽ പൊതിച്ചോറും ലഭിക്കും.
പൊതിച്ചോറുകളടക്കം ദിവസേന മൂവായിരത്തിലധികം ഊണാണ് ഇവിടെനിന്ന് ചെലവാകുന്നത്. പ്രതിദിന ശരാശരി വരുമാനമാകട്ടെ ഒരു ലക്ഷത്തിന് മുകളിലുമാണ്. ഒരേസമയം 250 പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ ഭക്ഷണ ശാലയിലുള്ളത്. ഏത് തിരക്കിനെയും മറികടക്കാനുള്ള ചടുലമായ സംവിധാനങ്ങളും അണിയറയിലൊരുക്കിയിട്ടുണ്ട്.
സമൃദ്ധിയെ കുറിച്ച് കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്. ദിവസക്കൂലിക്കാരും ചെറിയ വരുമാനക്കാരും ഏറെയുള്ള നഗരത്തിൽ അവർക്ക് വലിയൊരു ആശ്വാസമാകുകയാണ് നഗരസഭയുടെ ഈ ജനകീയ സംരംഭം. രജത ജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീക്കും അവരുടെ പ്രവർത്തന മികവിൽ പൊൻതൂവലാകുകയാണ് ഈ ജനകീയ ഹോട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.