മട്ടാഞ്ചേരി: വലിയ ആശങ്കക്ക് വഴി തുറന്നിരിക്കുകയാണ് കൊച്ചി തുറമുഖ മേഖലയിൽ കഴിഞ്ഞ ദിവസം മാലിന്യത്തിന് തീപിടിച്ച സംഭവം. തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് മീറ്ററുകൾ അകലെയാണ് പതിനെട്ടോളം എണ്ണ ടാങ്കറുകൾ സ്ഥിതി ചെയ്യുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് തീ അങ്ങോട്ട് ചെറുതായി പടർന്നിരുന്നെങ്കിൽ വൻ ദുരന്തത്തിന് ഇടയായേനെ. ദക്ഷിണ നാവികസേന ആസ്ഥാനം, കൊച്ചി തുറമുഖം ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് മീറ്ററുകൾക്ക് അകലെയാണ് തീപിടിത്തമുണ്ടായത്.
വിവിധ അഗ്നിരക്ഷാകേന്ദ്രങ്ങളിൽനിന്നുള്ള പതിനേഴോളം യൂനിറ്റ് എത്തിയാണ് രാത്രി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചത്. വീണ്ടും തീ ഉയരാതിരിക്കാൻ ചൊവ്വാഴ്ച മുൻകരുതൽ എന്ന നിലയിൽ രണ്ട് യൂനിറ്റുകൾ ഇവിടെ കേന്ദ്രീകരിച്ചിരുന്നു.
മൂന്ന് ഏക്കർ പ്രദേശത്താണ് തീ പിടിച്ചത്. കാറ്റടിച്ചതോടെ ഉണങ്ങിയ പുല്ലിലേക്കും കുറ്റിക്കാടുകളിലേക്കും മരങ്ങളിലേക്കും പടർന്ന് തീയാളി പടരുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളിയിട്ടിരുന്നതാണ് തീ പിടിക്കാൻ കാരണമായത്. മാസങ്ങൾക്കുമുമ്പ് കണ്ണങ്ങാട്ട് പാലത്തിനുസമീപവും മാലിന്യത്തിന് തീപിടിച്ചിരുന്നു. മേഖലയിൽ മാലിന്യം തള്ളരുതെന്ന് കൊച്ചിൻ പോർട്ട് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നിയമലംഘനം നിർബാധം തുടരുകയാണ്. മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.