വേമ്പനാട്ടുകായൽ കാഴ്ച
അരൂർ: കടലിനടിയിലെ കര കടലിന്റെ പുറത്തായി 'കരപ്പുറ'മായതാണ് പുരാതന കേരളത്തിലെ നാട്ടുരാജ്യമായ കരപ്പുറം. ചേർത്തല മേഖലയാകെ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് 'കരപ്പുറം' എന്നായിരുന്നു. പുത്തേടത്ത്, ഇല്ലേടത്ത് പ്രദേശങ്ങൾ ചേർന്നതായിരുന്നു കരപ്പുറം. ആലപ്പുഴ ജില്ലയിലെ പുറക്കാട് മുതൽ എറണാകുളം ജില്ലയിലെ പള്ളുരുത്തി വരെയായിരുന്നു ഈ രാജ്യത്തിന്റെ വ്യാപ്തി. വേമ്പനാട്ടുകായൽ സ്ഥിതിചെയ്യുന്ന സ്ഥലത്തിനും കിഴക്കുള്ള പ്രദേശങ്ങൾ ഭൂരിഭാഗവും കടൽത്തീരത്തായിരുന്നുവെന്നും പറയപ്പെടുന്നു.
കടുത്തുരുത്തി (കടൽത്തുരുത്ത്) എന്ന സ്ഥലപ്പേര് ഇതിന് മറ്റൊരു തെളിവാണ്. അവിടെ തീരം സ്ഥിതിചെയ്തിരുന്ന കാലത്ത് കൊടുങ്ങല്ലൂർ (മഹോദയപുരം) ആയിരുന്നു പ്രധാന തുറമുഖം. അവിടെനിന്ന് നിരണം, പുറക്കാട് വരെ കടൽ കയറിക്കിടന്നിരുന്നു. ഇന്നത്തെ ആലപ്പുഴ, കുട്ടനാട് അന്ന് ഉണ്ടായിരുന്നില്ല. അടുത്തഘട്ടത്തിൽ കടൽ വീണ്ടും നീങ്ങി. അക്കാലത്ത് തീരപ്രദേശത്തുണ്ടായിരുന്ന പ്രധാന സ്ഥലങ്ങൾ തൃപ്പൂണിത്തുറ, വൈയ് അകം (വൈക്കം) വെച്ചൂർ എന്നിവയാണ്. വയ്ക്കം (പെരുന്തുറൈ) പ്രസിദ്ധമായ ഒരു തുറമുഖമായിരുന്നുവെന്ന് പ്രാചീന തമിഴ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ കരവെയ്പുകളും ഏതെങ്കിലും തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളുടെ ഫലമാണ്. കടലിലുണ്ടാകുന്ന ഭൂകമ്പങ്ങൾ കടൽത്തീരങ്ങളിൽ വമ്പൻ മണൽക്കെട്ടുകൾ സൃഷ്ടിക്കുന്നു. അങ്ങനെ മൂന്നു ഘട്ടങ്ങളിലായി ഉണ്ടായ കരകളാവണം ഇവയൊക്കെ. ഇവിടങ്ങളിൽ വെളുത്ത സിലിക്ക മണൽ കലർന്ന കരപ്രദേശങ്ങൾ അധികം കാണാം. പള്ളിപ്പുറം, പാണാവള്ളി, അരൂക്കുറ്റി, അഴീക്കൽ പ്രദേശം, കോടന്തുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട് കടക്കരപ്പള്ളി പൂർണമായും കടലിൽത്തന്നെ ആയിരുന്നുവെന്ന് കണക്കാക്കുന്നു. കടൽഭാഗത്തിന്റെ കിഴക്കേത്തീരമാണ് തുറവൂർ, ചാവടി മനക്കോടം, കടക്കരപ്പള്ളി, തൈക്കൽ എന്നിവ.
2002ൽ തൈക്കൽ നീലിവേലിച്ചിറ ഭാഗത്തുനിന്ന് ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾ കിട്ടിയതും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. തുറവൂർ കരിനിലത്തിലെ പാട്ടമുറി എന്ന കൃഷിയിടത്തിൽനിന്ന് പലപ്പോഴും പത്തേമാരിയുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം 1341ലെ വെള്ളപ്പൊക്കത്തിൽ മണ്ണിനടിയിൽപെട്ടു പോയതാവാം. കടക്കരപ്പള്ളി കടൽക്കരയിലെ എഴുത്തുപള്ളിക്കൂടമോ അമ്പലമോ ആണ് കടൽക്കരപ്പള്ളി.
കടൽമീനുകൾ ചത്തടിഞ്ഞ കിടന്ന സ്ഥലം ചാവടി. തുറ ഉണ്ടായിരുന്ന സ്ഥലം തുറവൂർ. പോർചുഗീസുകാരുടെ കാലത്ത് 1640ൽ മനക്കോടത്ത് പള്ളി പണിതു. അത് കടൽത്തീരത്തായിരുന്നു. ഈ കടൽത്തീരത്തായിരുന്നു അരയർ കടവ്. ആ കടവിലേക്ക് വീയാത്തറയിൽനിന്നുള്ള ചിറ, അരയർ കടവു ചിറയും. ചുരൂക്കത്തിൽ ഇന്ന് കാണുന്ന കരിനിലങ്ങൾ 1341ൽ രൂപപ്പെട്ടെങ്കിലും പിന്നെ വളരെക്കാലം കാടുപിടിച്ചുതന്നെ കിടന്നു. പടിഞ്ഞാറേക്കാട്, പുത്തൻകാട്, വെട്ടിയ കാട് എന്നൊക്കെ അവക്ക് വിളിപ്പേരുണ്ടായത് തെളിവായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.