തണലി​ന്റെ ‘ഗ്രാന്മാ ഹോം’ 18ന് നാടിന് സമര്‍പ്പിക്കും

കാലടി: ഉപേക്ഷിക്കപ്പെട്ടവര്‍ക്കും പരിചരിക്കാന്‍ ആളില്ലാത്തവർക്കും കുടുംബത്തിന്റെ തണലും സാന്ത്വനവും നല്‍കുന്ന ‘ഗ്രാന്മാ ഹോം’ 18ന് നാടിന് സമര്‍പ്പിക്കും. ‘തണല്‍’ ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ് ‘മലബാര്‍ ഗോള്‍ഡി’ന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ സാമൂഹിക പദ്ധതിയുടെ ആദ്യഘട്ടമാണ് നാടിന് സമര്‍പ്പിക്കുന്നത്.

അനാഥർ, ശാരീരിക മാനസിക-പ്രയാസങ്ങൾ അനുഭവിക്കുന്നവർ, തെരുവിൽ ഒറ്റപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്ക് വേണ്ടിയുള്ള സമഗ്ര സാന്ത്വന സമുച്ചയമാണ് ശ്രീമൂലനഗരത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ‘ഗ്രാന്‍ഡ്മ ഹോം’. തണല്‍, മലബാര്‍ ഗോള്‍ഡ് സഹകരണത്തിനു പുറമെ അഭ്യുദയകാംഷികളായ നിരവധിപേരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ശനിയാഴ്ച വൈകുന്നേരം നാലിന് തണല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ നിയമമന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, എം.പി.മാരായ ബെന്നി ബെഹന്നാന്‍, ജെബി മേത്തര്‍, അഡ്വ. ഹാരിസ് ബീരാന്‍, എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, ശ്രീനിജന്‍, റോജി എം. ജോണ്‍ എന്നിവരും ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീന്‍, റിട്ട. ജസ്റ്റിസ് സി.കെ. അബ്ദുല്‍റഹീം, ജില്ലാ-ബ്ലോക്ക്-വാര്‍ഡ് മെംബര്‍മാര്‍, വ്യവസായ പ്രമുഖര്‍, പണ്ഡിതന്മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

പരിചരണം തേടിയെത്തുന്നവര്‍ക്ക് ആത്മവിശ്വാസവും സാന്ത്വനവും നല്‍കുന്ന കുടുംബാന്തരീക്ഷമാണ് തണല്‍ ഒരുക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ 21,000 ചതുരശ്ര അടിയില്‍ നിർമിച്ച കെട്ടിടത്തില്‍, കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ള 150ഓളം പേര്‍ക്ക് 24 മണിക്കൂറും പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനം ഉറപ്പാക്കും. താമസം, ഭക്ഷണം, ശുശ്രൂഷ ഉള്‍പ്പെടെ എല്ലാം സൗജന്യമായിരിക്കും.

ഈ സമുച്ചയത്തില്‍, ഭാവിയില്‍ അപകടങ്ങളിലും മറ്റും പരിക്കേറ്റ് കിടപ്പിലായ ആളുകൾക്കുള്ള ന്യൂറോ റീഹാബിലിറ്റേഷന്‍, ഡയാലിസിസ് സെന്റര്‍, പാലിയേറ്റിവ് കെയര്‍ യൂനിറ്റ്, കുട്ടികള്‍ക്കായുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും ആരംഭിക്കും. കൂടാതെ, മാരക രോഗം ബാധിച്ച് കിടപ്പിലായ രോഗികളുടെ പരിചരണത്തിനായുള്ള പുതിയ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും ഉദ്ഘാടന വേദിയിൽ നടക്കും.

Tags:    
News Summary - Thanal's Granma Home to be dedicated to the nation on the 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.