കാലടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ മുറുകുന്നു. കൈപ്പട്ടൂർ ഭാഗത്തുള്ള വാർഡ് 12ൽ മറ്റൊരു വാർഡിലെ താമസക്കാരനെ സ്ഥാനാർഥിയാക്കാനുള്ള പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ച് 70 ഓളം പ്രവർത്തകർ പാർട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ഈ വാർഡിലെ താമസക്കാരായ വിരമിച്ച പട്ടാളക്കാരനടക്കം സ്ഥാനാർഥിയാവണമെന്ന നിർദേശം പ്രവർത്തകർ യോഗങ്ങളിൽ ഉയർത്തിയിരുന്നു.
എന്നാൽ, ഇതെല്ലാം മറി കടന്ന് ഈ വാർഡിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരത്തിൽ താമസിക്കുന്ന ആളെ സ്ഥാനാർഥിയാക്കാൻ ശ്രമിക്കുന്നതാണ് പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണം. നൂലിൽ കെട്ടി ഇറക്കുന്ന സ്ഥാനാർഥിയെ അംഗീകരിക്കാൻ തയാറല്ലെന്നും പോസ്റ്റർ ഒട്ടിക്കുകയും പ്രചരണത്തിന് വീടുകൾ കയറിയിറങ്ങുകയും ചെയ്യുന്ന സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരം ഉൾകൊള്ളാൻ നേതൃത്വം തയാറാവണമെന്നും ഈ വാർഡിലെ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.
പട്ടിമറ്റം: കുന്നത്തുനാട് പഞ്ചായത്തിൽ പട്ടിമറ്റത്ത് യു.ഡി.എഫിൽ ഒമ്പതാം വാർഡിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. 18ൽ നിന്ന് വാർഡുകൾ 21ആയതോടെ ഒരു വാർഡ് കൂടി ലീഗിന് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ, വിട്ട് കൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല. ഇതോടെ ഇരു വിഭാഗവും സ്വന്തം സ്ഥാനാർഥിയെ നിർത്താനുള്ള നീക്കത്തിലാണ്. മുസ്ലിം ലീഗ് മുൻ പഞ്ചായത്തഗം ശ്യാമള സുരേഷിനെ മത്സരിപ്പിക്കാൻ നീക്കം നടത്തുമ്പോൾ മറ്റൊരു മുൻ പഞ്ചായത്തഗം രാധാമണി ചന്ദ്രനെ രംഗത്തിറക്കി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ഇതോടെ ഇരു വിഭാഗവും സ്വന്തം സ്ഥാനാർഥികളെ നിറുത്തി മത്സരിപ്പിച്ചേക്കും.
കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ പലവട്ടം ചർച്ച നടത്തിയെങ്കിലും ഇരുവിഭാഗവും സമവായത്തിൽ എത്തിയിട്ടില്ല. ഇതിനിടയിൽ വെമ്പിള്ളി ബ്ലോക്ക് ഡിവിഷൻ ലീഗിന് നൽകി പ്രശ്നം പരിഹരിക്കാനും കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തീകരിച്ച് അംഗീകാരത്തിനായി ലിസ്റ്റ് തിങ്കളാഴ്ച ജില്ല നേതൃത്വത്തിന് കൈമാറും.
പഞ്ചായത്തിലെ 16, 17, 18 , 19 വാർഡുകളിലൊഴികെ ട്വൻറി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലുണ്ടായ ഒരാൾക്ക് മാത്രമാണ് വീണ്ടും മതസരിക്കാൻ ട്വൻറി 20 സീറ്റ് നൽകിയിട്ടുള്ളു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സി.പി.എം സ്ഥാനാർഥി നിർണയം പൂർത്തികരിച്ചിട്ടില്ല. വെൽഫെയർ പാർട്ടി 15, 16, 17 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.