ആലുവ ഫ്രണ്ട്ഷിപ്പ് ലൈന് സമീപം പെരിയാർവാലി കനാൽ റോഡിൽ കനാലിലേക്ക് മറിഞ്ഞ കാർ
ആലുവ: പെരിയാർവാലി കനാലിന് സംരക്ഷണഭിത്തിയില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു. നഗരത്തിൽ ഫ്രണ്ട്ഷിപ്പ് ലൈന് സമീപം പെരിയാർവാലി കനാൽ റോഡിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. കഴിഞ്ഞ ദിവസം കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. കാറിന് സാരമായ തകരാർ സംഭവിച്ചെങ്കിലും കാർ ഓടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാഞ്ഞിരത്തിങ്കൽ അഫ്സിയ അഷറഫാണ് (26) അപകടത്തിൽപ്പെട്ടത്. വീടിന് മുമ്പിലെ റോഡ് സൈഡിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ മണ്ണ് ഇടിഞ്ഞാണ് കാർ കനാലിലേക്ക് വീണത്. കനാലിൽ ചെറുവള്ളിപ്പടർപ്പുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ തലകീഴായി മറിയാതെ നിരങ്ങിയിറങ്ങുകയായിരുന്നു. കാറിന്റെ അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷത്തിലേറെ രൂപ വേണ്ടിവരുമെന്നാണറിയുന്നത്.
ആലുവ നഗരസഭയുടെ 19 -ാം വാർഡിൽപ്പെട്ട പെരിയാർവാലി കനാലാണ് കാൽനട യാത്രികർക്കും വാഹനയാത്രികർക്കും ഭീഷണിയാകുന്നത്. സംരക്ഷണഭിത്തി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം രണ്ട് ദശാബ്ദം പിന്നിട്ടിട്ടും നടപ്പായിട്ടില്ല. പറവൂർ ഭാഗത്തേക്ക് കാർഷികാവശ്യത്തിന് വെള്ളം കൊണ്ടുപോകുന്ന മെയിൻ കനാലാണിത്. അപകടം നടന്ന ഭാഗത്ത് കനാലിന് 25 അടിയോളം ആഴമുണ്ട്. നഗരസഭയിൽ കനാൽ കടന്നുപോകുന്ന മറ്റ് വാർഡുകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇറിഗേഷൻ വകുപ്പും നഗരസഭയും ചേർന്ന് ഇരുമ്പ് വേലികൾ സ്ഥാപിച്ചിട്ടുണ്ട്. 19 -ാം വാർഡിൽ മാത്രം ഇത്തരം സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടിയെത്തുന്നവർ ഉടൻ സംരക്ഷണ സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം നൽകുന്നതല്ലാതെ ഇതുവരെ ഒന്നും നടപ്പായിട്ടില്ല. കനാലിന്റെ വശങ്ങൾ ഇടിയുന്നതിനാൽ റോഡിന്റെ വീതിയും കുറയുകയാണ്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാനും പ്രയാസമാണ്. ഇതെല്ലാം എം.എൽ.എയെയും നഗരസഭ അധികൃതരെയും പലവട്ടം ധരിപ്പിച്ചിട്ടും പരിഹാരമില്ലെന്നാണ് ആക്ഷേപം. അതിനാൽ അപകടങ്ങളും വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.