നഗരശുചത്വം ഉറപ്പാക്കുന്നതിന് ബഹുമുഖ കർമപദ്ധതി leed

മൂവാറ്റുപുഴ: നഗരശുചത്വം ഉറപ്പാക്കുന്നതിന് ബഹുമുഖ കർമപദ്ധതിയുമായി നഗരസഭ. നിരത്തുകളിൽ മാലിന്യം തള്ളുന്നവരിൽനിന്ന്​ കനത്ത പിഴ ഈടാക്കുന്നതടക്കമുള്ള പദ്ധതികൾക്ക് രൂപംനൽകുമെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ഹൃസ്വകാലയളവിൽ പൂർത്തിയാകേണ്ടതും ദീർഘകാലം വേണ്ടിവരുന്നതുമായ പ്രവർത്തനമാണ് നടപ്പാക്കുക. മാലിന്യ സംസ്കരണത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കും. തദ്ദേശവാസികളുടെ പിന്തുണയോടെ ഡംപിങ്​ യാർഡ് നവീകരിക്കും. മാലിന്യം നിരത്തിൽ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കും. വിവാഹം അടക്കമുള്ള ചടങ്ങുകൾക്കുശേഷം പുറംതള്ളുന്ന മാലിന്യം നിരത്തിൽ നിക്ഷേപിക്കാൻ അനുവദിക്കില്ല. പുഴ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഇതിനായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും പൊലീസി​ൻെറയും സംയുക്ത സ്‌ക്വാഡിന് രൂപംനൽകും. നഗരാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി കാമറകളിൽ പ്രവത്തനക്ഷമമല്ലാത്തവയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തും. കൂടുതൽ മാലിന്യ നിക്ഷേപം കണ്ടുവരുന്ന പ്രദേശങ്ങളിൽ അധികമായി കാമറകൾ സ്ഥാപിക്കും. ഇവ സമയബന്ധിതമായി പരിശോധിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കും. തുടർന്നും ആവർത്തിച്ചാൽ നിയമനടപടിക്ക് വിധേയമാക്കും. പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിന്​ കൂടുതൽ തൊഴിലാളികളെ നിയമിക്കും. വാർഡ്​തോറും ഗ്രീൻ കാമ്പയിൻ നടപ്പാക്കും. ഇതിനായി കൗൺസിലർമാരുടെ നേതൃത്വത്തിൽ തദ്ദേശവാസികളെ അണിനിരത്തി വാർഡ്തല ജാഗ്രതസമിതികൾ രൂപവത്​കരിക്കും. ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച്​ ശേഖരിക്കുന്നത് ഊർജിതമാക്കും. ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഓടയിൽ ഒഴുക്കുന്നത് തടയുമെന്നും ചെയർമാൻ വ്യക്തമാക്കി. വൈസ് ചെയർപേഴ്സൻ സിനി ബിജു, സ്ഥിരം സമിതി ചെയർമാന്മാരായ പി.എം. അബ്‌ദുൽസലാം, അജി മുണ്ടാട്ട്​, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, രാജശ്രീ രാജു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.