സിഗരറ്റ് വാങ്ങിയ 35 രൂപയെച്ചൊല്ലി തർക്കം; മർദനമേറ്റ യുവാവ് മരിച്ചു

പറവൂർ: സിഗരറ്റ് വാങ്ങിയ ഇനത്തിൽ നൽകാനുണ്ടായിരുന്ന 35 രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മർദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വാണിയക്കാട് കണ്ടൻതറ വീട്ടിൽ സുതന്‍റെ മകൻ മനു എന്ന മനോജാണ് (35) ബുധനാഴ്ച പുലർച്ച എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മനുവിന് മർദനമേറ്റത്. സംഭവത്തിൽ വാണിയക്കാട് ബിവറേജസിന് സമീപം കട നടത്തുന്ന വാണിയക്കാട് പനച്ചിക്കപ്പറമ്പിൽ സജൻ (52), ഇയാളുടെ സഹോദരൻ സാജു (48) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. മനോജിന്‍റെ വീട്ടുകാരുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സഹോദരന്മാരെ പിടികൂടിയത്. സജന്‍റെ കടയിൽനിന്ന്​ സിഗരറ്റ് വാങ്ങിയ ഇനത്തിൽ 35 രൂപ മനു നൽകാനുണ്ടായിരുന്നു. സംഭവദിവസം കടയിലെത്തിയ മനോജ് 50 രൂപ നൽകി സിഗരറ്റ് ആവശ്യപ്പെട്ടു. നേരത്തേ നൽകാനുള്ള തുക സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, സ്ഥലത്തെത്തിയ സജന്‍റെ സഹോദരൻ സാജു മർദിക്കുകയായിരുന്നു. കടയിൽനിന്ന്​ വലിച്ച് പുറത്തിടുകയും ചവിട്ടുകയും വേലിപ്പത്തൽകൊണ്ട് അടിക്കുകയും ചെയ്തു. മനുവിനെ വീട്ടുകാർ ഞായറാഴ്ച താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്ക്​ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തലക്കും ശരീരത്തിന്‍റെ പലഭാഗത്തും പരിക്കേറ്റ മനുവിന്‍റെ വാരിയെല്ല് ഒടിഞ്ഞനിലയിലായിരുന്നു. മെഡിക്കൽ കോളജിൽ കഴിയവെ പ്രതികളെക്കുറിച്ച് വ്യക്തമായ മൊഴി മനു പൊലീസിന് നൽകിയിരുന്നു. മൃതദേഹം മെഡിക്കൽ കോളജിൽ പൊലീസ് സർജന്‍റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിച്ചു. സംഭവം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെകൂടി അടിസ്ഥാനത്തിൽ വിശദ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. സ്വകാര്യവ്യക്തിയുടെ ഡ്രൈവറായ മനു അവിവാഹിതനാണ്. മാതാവ്​: സരള. സഹോദരങ്ങൾ: ബേബി, സിനോജ്. EKD manoj 35 prr NB: അറസ്റ്റിലായ പ്രതികളുടെ പടം രണ്ടാമത്തെ ഫയലിൽ അയക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.