മങ്കുഴി റോഡിലെ വെള്ളക്കെട്ട്​ പരിഹരിക്കണം -മനുഷ്യാവകാശ കമീഷൻ

കൊച്ചി: കളമശ്ശേരി നഗരസഭയിൽ ഇടപ്പള്ളി ടോൾഗേറ്റ് മങ്കുഴി റോഡിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉടൻ കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കളമശ്ശേരി നഗരസഭ സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്ത് വീട്ടിൽ വെള്ളം കയറുന്നത് പതിവാണ്. പ്രദേശവാസിയായ സരള ശ്രീധരൻ സമർപ്പിച്ച പരാതിയിലാണ് നടപടി. മഴവെള്ളം ഒഴുകിപ്പോകാൻ മങ്കുഴി റോഡിൽ കാനയില്ലാത്തതാണ് കാരണമെന്ന് ഒരു വിഭാഗം നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച്​ കളമശ്ശേരി നഗരസഭ സെക്രട്ടറിയിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങി. മാലിപ്പുറം റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം പമ്പ് ചെയ്താണ് ഇടപ്പള്ളി തോട്ടിൽ എത്തിക്കുന്നത്. വെള്ളം തോട്ടിലേക്ക് മാറ്റുന്നതുവരെ മാലിപ്പുറം പ്രദേശത്തെ വീടുകളിൽ വെള്ളം കയറും. പരാതിക്ക് പരിഹാരം കാണാൻ മങ്കുഴി റോഡിൽ കാന നിർമിക്കാൻ വാർഡ് കൗൺസിലറുടെ ആവശ്യപ്രകാരം 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഇതിന് ഭരണ, സാങ്കേതിക അനുമതി നൽകി ടെൻഡർ ക്ഷണിച്ച് കരാറുകാരൻ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, റോഡിന് ഇരുവശത്തുമുള്ള 27 വീട്ടുകാർക്ക് കാന നിർമിക്കുന്നതിൽ എതിർപ്പുണ്ട്. ഇക്കാരണത്താൽ നിലവിൽ കാന നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. മങ്കുഴി-മാലിപ്പുറം റോഡ് ഇടപ്പള്ളി തോടിനെക്കാൾ ഉയർന്നും മെയിൻ റോഡിനെക്കാളും താഴ്ന്നുമാണ് കിടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടം ഇന്റർലോക് വിരിച്ച് ഗതാഗതയോഗ്യമാക്കി ഇടപ്പള്ളി തോടിലേക്ക് വെള്ളം ഒഴുക്കി വിടാൻ ശ്രമിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് കൗൺസിലിന്റെ പരിഗണനക്ക് സമർപ്പിക്കാമെന്നും റിപ്പോർട്ടിലുണ്ട്. പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സാധാരണക്കാരായ പട്ടികജാതി കുടുംബങ്ങളാണ് വെള്ളക്കെട്ട് കാരണം കഷ്ടത അനുഭവിക്കുന്നതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.