ചൂർണിക്കരയിൽ കുടിവെള്ളക്ഷാമം; എൻജിനീയറെ ഉപരോധിച്ചു

ചൂർണിക്കര: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. 14,15 വാർഡുകളിലെ മുട്ടം, മുല്ലക്ക കോളനി, ഞാറക്കാട്ടുകുന്ന്, മുട്ടം തൈക്കാവ്, മുട്ടം പള്ളി, എന്നിവിടങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. പ്രദേശങ്ങളിൽ ഒരാഴ്ചയായി കുടിവെള്ളം ഇല്ലാത്ത അവസ്ഥയാണ്‌. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷി‍ൻെറ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. ഒക്ടോബർ മുതൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളം ഇടക്കിടെയേ ലഭിക്കുന്നുള്ളൂ. കഴിഞ്ഞ ഒരാഴ്​ചയായി ഒട്ടും ലഭിക്കുന്നില്ല. പ്രായമായവരുൾപ്പെടെ നൂറുകണക്കിന് പേരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. തുടർന്നാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചത്. സമരത്തിനുവന്ന വീട്ടമ്മമാർ എൻജിനീയറോട് ശക്തമായ രോഷം പ്രകടിപ്പിച്ചു. വെള്ളം കിട്ടാതെ പോകില്ലെന്നും ഇവിടെത്തന്നെ ഇരിക്കുമെന്നും പറഞ്ഞ് ഒച്ചയുണ്ടാക്കി. തുടർന്ന് നടന്ന ചർച്ചയിൽ അടുത്തദിവസം വെള്ളം ലഭ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുട്ടത്തേക്ക് സ്ഥിരമായി വെള്ളം വിടുന്നയാളെ മോണിറ്ററിങ് ചെയ്യാൻ ഒരാളെ ചുമതലപ്പെടുത്തും. മുട്ടത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ട എസ്‌റ്റിമേറ്റ് രണ്ടുദിവസം കൊണ്ട് എടുക്കാനും തീരുമാനമായി. തുടർന്ന്, താൽക്കാലികമായി ജനപ്രതിനിധികളും നാട്ടുകാരും ഉപരോധം അവസാനിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീഖ്​, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ പി.എസ്. യൂസഫ്, സബിത സുബൈർ, സി.പി. നൗഷാദ്, രമണൻ ചേലാക്കുന്ന്, കെ.കെ. ജമാൽ, സി.പി. നാസർ, സബീർ മുട്ടം, മുഹമ്മദ് ഷാഫി, പി.എ. ഷഹനാസ് എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea yas12 uparodam ചൂർണിക്കര പഞ്ചായത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും നാട്ടുകാരും ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.