നടപടി അംഗീകരിക്കാനാവില്ല -ഐ.എൻ.എൽ ജില്ല കമ്മിറ്റി

കൊച്ചി: ഐ.എ​ൻ.എൽ സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വം എടുത്ത്​ നേതൃത്വം കൈയടക്കിയ ചിലരുടെ ജൽപനങ്ങൾക്ക് വഴങ്ങി പാർട്ടി കെട്ടിപ്പടുത്ത നേതാക്കളെയും പ്രവർത്തകരെയും തള്ളിക്കളയുകയാണ് ദേശീയ നേതൃത്വം. പാർട്ടിയെ ഒന്നിച്ചുകൊണ്ടുപോകാൻ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങളുടെ ലംഘനമാണ് ദേശീയ നേതൃത്വത്തിന്‍റെ ഏകപക്ഷീയ നടപടി. പാർട്ടിക്ക് നല്ല വേരോട്ടം ഉണ്ടായിരുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിയെ ഛിഹ്നഭിന്നമാക്കിയതുപോലെ കേരളത്തിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയമുണ്ട്. ഭരണഘടനപരമായി ദേശീയ കമ്മിറ്റി നിലവിലില്ല. ഭരണഘടനപരമായി തെരഞ്ഞെടുത്ത പ്രസിഡൻറുമല്ല. തട്ടിക്കൂട്ട് കമ്മിറ്റിയാണ് ദേശീയ കമ്മിറ്റി. യു.പിയിൽ അദ്ദേഹം എസ്.ഡി.പി.ഐ സമ്മേളനത്തിൽ പങ്കെടുക്കുന്നയാളാണ്. വഹാബിനെ നിശ്ശബ്ദനാക്കാൻ കഴിയില്ല. സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. എ.പി. അബ്ദുൽ വഹാബ്​ ഉൾപ്പെടെയുള്ള നേതൃത്വത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ജില്ല ഭാരവാഹികൾ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ഒ.എച്ച്.എ. മനാഫ് ഫാരീസ്, പ്രസിഡൻറ് ടി.എം. ഇസ്മായിൽ, ട്രഷറർ കെ.എം. ജോർജ്, നാഷനൽ ലേബർ യൂനിയൻ ജില്ല പ്രസിഡൻറ് അൻവർ കൊച്ചി, നാഷനൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അമീൻ മേടപ്പിൽ, മുഹ്സിൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.