ജനാഭിമുഖ കുര്‍ബാനക്കെതിരെ നടപടി വന്നാൽ പ്രതികരണത്തിനൊരുങ്ങി അൽമായപ്രസ്ഥാനങ്ങള്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുര്‍ബാന തുടരാനുള്ള ആര്‍ച്ച്​ ബിഷപ്പിന്‍റെ തീരുമാനത്തിനെതിരെ നടപടിയുണ്ടായാല്‍ അത്​ അതിരൂപതയിലെ അൽമായര്‍ അനുവദിച്ചുകൊടുക്കുകയില്ലെന്ന് അൽമായ പ്രസ്ഥാനങ്ങളുടെ പ്രതിനിധിയോഗം. അൽമായ മുന്നേറ്റം, ദൈവജനകൂട്ടായ്മ, സെന്‍റ് മേരീസ് ബസിലിക്ക കൂട്ടായ്മ, അതിരൂപത സുതാര്യത സമിതി എന്നിവയുടെ യോഗമാണ് അഗസ്റ്റിന്‍ കണിയാമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്നത്. സിറോ മലബാര്‍ സഭയിലെ കുര്‍ബാന അര്‍പ്പണത്തില്‍ പല രൂപതകളിലും അള്‍ത്താര വിരി പോലുള്ള വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം അതിരൂപതയിലെ ജനാഭിമുഖ കുര്‍ബാനയും ലിറ്റര്‍ജിക്കുള്ളിലെ ഒരു ഭിന്നരൂപമായി ഔദ്യോഗികമായി അംഗീകരിച്ചുതരാന്‍ സിനഡ് തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭൂമിയിടപാടില്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന മേജര്‍ ആര്‍ച്ച്​ ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സിനഡ് എടുത്ത ലിറ്റര്‍ജിക്കല്‍ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപതയെയാണ്. വത്തിക്കാന്‍ ഒരു പേപ്പല്‍ ​ഡെലിഗേറ്റിനെ​െവച്ച് സിറോ മലബാര്‍ സഭയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണമെന്ന് സൂചിപ്പിച്ച്​ അൽമായ സംഘടനകള്‍ സംയുക്തമായി വത്തിക്കാന് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. അഡ്വ. ബിനു ജോണ്‍, പി.പി. ജെരാര്‍ദ്, ജോമോന്‍ ചാത്തോത്ത്, ബെന്നി വാഴപ്പിള്ളി, നിമ്മി ആന്‍റണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.