എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് ഒരുക്കാൻ മത്സ്യഫെഡ്

കൊച്ചി: സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ പദ്ധതിയുമായി മത്സ്യഫെഡ്. ഇതിന്‍റെ ഭാഗമായി അടുത്ത മാസം മുതൽ എല്ലായിടങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. മത്സ്യഫെഡിന്​ കീഴിലുള്ള സഹകരണ സംഘങ്ങളിൽ അംഗമായ കടൽ, കായൽ മത്സ്യത്തൊഴിലാളികൾക്കാണ് ഇൻഷുറൻസ് ഏർപ്പെടുത്തുക. ഇതിനു മുന്നോടിയായി വിവിധ ഇൻഷുറൻസ് കമ്പനികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. പത്ത് ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് തുക ലഭിക്കുക. അപകടമരണം, അവയവങ്ങൾ, കണ്ണ് എന്നിവ നഷ്ടമാവൽ, പൂർണമോ ഭാഗികമോ ആയ ശാരീരിക വൈകല്യം, അപകടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻഷുറൻസ് അനുവദിക്കും. സൊസൈറ്റികളിലൂടെ തന്നെയായിരിക്കും ഇൻഷുറൻസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുക. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തുടനീളം 10,18,051 മത്സ്യത്തൊഴിലാളികളാണുള്ളത്. ഏറെയും കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇൻഷുറൻസ് പദ്ധതിയിൽ പേര് ചേർക്കാത്തതിനാൽ ധനസഹായം ലഭിക്കാതെ പോകരുതെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പുകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. മത്സ്യഫെഡ് മാനേജിങ്​ ഡയറക്ടർ, ചെയർ‌മാൻ, ഉദ്യോഗസ്ഥർ, തൊഴിലാളി സഹകരണ സംഘം പ്രതിനിധികൾ, ട്രേഡ് യൂനിയൻ നേതാക്കൾ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകും. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.