റോയി വയലാറ്റിനെതിരെ കൂടുതൽ പോക്സോ പരാതികൾ

കൊച്ചി: മോഡലുകളുടെ അപകടമരണത്തിലൂടെ വിവാദത്തിലായ ഫോർട്ട്​കൊച്ചി 'നമ്പർ 18' ഹോട്ടലുടമ റോയി വയലാറ്റിനെതിരെ കൂടുതൽ പോക്സോ പരാതികളെന്ന് വിവരം. റോയി, മോഡലുകൾ മരിച്ച കാറപകടക്കേസിലെ മറ്റ്​ പ്രതികളായ സൈജു എം. തങ്കച്ചൻ, സുഹൃത്ത് അഞ്ജലി എന്നിവർക്കെതിരെ കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ ഫോർട്ട്​കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ജലിയാണ് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പരാതി. ആദ്യ പോക്സോ കേസിന് പിന്നാലെ ഇരകളായ ഒമ്പതുപേർ ഇതിനകം രഹസ്യമൊഴി നൽകിയതായാണ് വിവരം. ഹോട്ടലിൽ​വെച്ച് റോയിയിൽനിന്ന്​ ഉൾപ്പെടെ ദുരനുഭവം നേരിട്ട യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇവരിൽപെട്ട 16കാരിക്ക്​ പകരം മാതാവാണ് പൊലീസിന് മൊഴി നൽകിയത്. ദുരനുഭവത്തിന്‍റെ ഞെട്ടലിൽനിന്ന് പെൺകുട്ടി ഇതുവരെ മുക്തയായിട്ടില്ല. പെൺകുട്ടിയുടെ മാനസികനില സാധാരണ അവസ്ഥയിലെത്തിയ ശേഷമായിരിക്കും മൊഴി രേഖപ്പെടുത്തുക. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതൽപേരെ പ്രതികൾ ഇരകളാക്കിയിട്ടുണ്ടെന്ന്​ വെളിപ്പെടുത്തിയത്തിന്‍റെ പശ്ചാത്തലത്തിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഡലുകളുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഈ കേസുകളും അന്വേഷിക്കുന്നത്. കോടതിയിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.