പാടം നികത്താനുള്ള ശ്രമം റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു

കാക്കനാട്: ജില്ല ആസ്ഥാനത്തുനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ വാഴക്കാലയിൽ പാടം നികത്താനുള്ള ശ്രമം തടഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ. മണ്ണടിച്ച ലോറി പിടിച്ചെടുത്ത്​ പൊലീസിന് കൈമാറി. വാഴക്കാലക്ക് സമീപം മൂലേപ്പാടത്താണ് സംഭവം. കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ടി.കെ. ബാബു, വില്ലേജ് ഓഫിസർ സി. ഇന്ദുലേഖ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ.എ. ബീന എന്നിവരടങ്ങിയ സംഘമാണ് പാടം നികത്തുന്നത് തടഞ്ഞത്. മണ്ണടിക്കാനുള്ള പാസില്ലാതിരുന്നതിനാലാണ് ലോറി പിടിച്ചെടുത്തത്. കാക്കനാടും പരിസരത്തും വ്യാപകമായി പാടങ്ങൾ നികത്തുന്നത് 'മാധ്യമം' ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ജില്ല കലക്ടർ ജാഫർ മാലിക്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ഫോർട്ട്​കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ് എന്നിവർ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. പാടമായിക്കിടക്കുന്ന ഭൂമി രേഖകളിൽ പുരയിടമായി കാണുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതോടെ വിശദ പരിശോധനയാണ് നടത്തുന്നതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. ക്രമക്കേട് കണ്ടെത്തുന്നപക്ഷം ഭൂമി പൂർവസ്ഥിതിയിലാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പരിശോധനക്ക്​ പ്രത്യേക സംഘം കാക്കനാട്: പാടം നികത്തൽ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജിന്റെ നേതൃത്വത്തിൽ വിവിധ വില്ലേജുകളിൽ പ്രത്യേക സംഘത്തിന്​ രൂപംനൽകിയിട്ടുണ്ടെന്ന് റവന്യൂ അധികൃതർ പറഞ്ഞു. പൊലീസുമായി ചേർന്നാണ് സംഘത്തിന്റെ പ്രവർത്തനം. പാടം നികത്തൽ ശ്രദ്ധയിൽപെട്ടാൽ തഹസിൽദാർക്ക് വിവരം കൈമാറാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.