'പ്രവർത്തനം നിലച്ച മൊബൈൽ ടവറിന്റെ ഉറപ്പ് പരിശോധിക്കണം'

കൊച്ചി: വടക്കൻ പറവൂരിൽ 2004ൽ സ്ഥാപിച്ച മൊബൈൽ ടവറിന്റെ ഘടനാപരമായ ഉറപ്പ്​ പരിശോധിച്ച്​ തുടർനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. 200 അടി ഉയരമുള്ള ടവർ ജീർണാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. പ്രദേശവാസിയായ ജോളി വർഗീസാണ് പരാതിക്കാരൻ. ഇതുസംബന്ധിച്ച്​ കമീഷൻ വടക്കൻ പറവൂർ നഗരസഭ സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. പറവൂർ നഗരസഭ ആറാം വാർഡിൽ എ.ടി.സി കോർപറേഷൻ സ്ഥാപിച്ച ടവറിന്റെ കാലാവധി 2019ൽ അവസാനിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016-17 വരെ ടവറിന് കരം അടച്ചിട്ടുണ്ട്​. പിന്നീട് കരം ഒടുക്കിയിട്ടില്ല. ഇപ്പോൾ ടവർ പ്രവർത്തിക്കുന്നില്ല. ടവറും പരിസരവും കാടുകയറി അപകടാവസ്ഥയിലാണ്. ഘടനാപരമായ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉടമക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021 മേയ് 28 നാണ് നഗരസഭ സെക്രട്ടറി കമീഷന് റിപ്പോർട്ട് നൽകിയത്. എന്നാൽ, 2022 ജനുവരി 12 വരെ ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കമീഷൻ വിലയിരുത്തി. ടവർ ജീർണാവസ്ഥയിലാണെന്ന പരാതിക്കാരന്റെ ആരോപണം റിപ്പോർട്ടിൽ നിഷേധിച്ചിട്ടില്ല. 2017ന് ശേഷം കരം അടച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ പരാതിക്കാരൻ ഉൾപ്പെടെയുള്ള സമീപവാസികളുടെ ആശങ്ക കണക്കിലെടുത്ത് പരാതിക്ക് പരിഹാരം കാണാൻ നഗരസഭ അധികൃതർ നടപടിയെടുക്കേണ്ടതായിരുന്നു. ടവറിന്റെ ഘടനാപരമായ ഉറപ്പ് നഗരസഭക്ക് തന്നെ പരിശോധിക്കാമെന്നും കമീഷൻ വടക്കൻ പറവൂർ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.