മീഡിയവണ്‍ വിലക്ക്: പി.ഡി.പി പ്രതിഷേധ മാര്‍ച്ച് നാളെ

കൊച്ചി: വിരുദ്ധ ആശയങ്ങള്‍ക്കും ജനാധിപത്യ വിയോജിപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അന്യായമായ മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരെ ജനാധിപത്യ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും പി.ഡി.പി കേന്ദ്ര കമ്മിറ്റി. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണ്. വിലക്കിനെതിരെ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണകൂടങ്ങളുടെ അജണ്ട അപ്പാടെ നടപ്പാക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കും. ഭരണഘടന ഉറപ്പാക്കുന്ന ജനാധിപത്യ അവകാശങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തെയും വിലക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും മീഡിയവണ്‍ നിരോധനം നീക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വ്യാഴാഴ്ച രാവിലെ 11ന് ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.