ഔഷധി ജങ്ഷനിലെ കടകളില്‍ മോഷണം

പെരുമ്പാവൂര്‍: നഗരത്തിലെ ഔഷധി ജങ്ഷനില്‍ മോഷണം പതിവാകുന്നു. ഞായറാഴ്ച രാത്രി നാല് കടയിലാണ് മോഷണം നടന്നത്. കാര്യമായ നഷ്ടങ്ങളില്ലാത്തതിനാല്‍ ആരും പരാതിപ്പെട്ടിട്ടില്ല. മുമ്പും ഈ ഭാഗത്ത് മോഷണം നടക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഞായറാഴ്ച മോഷണം നടന്ന കടകളില്‍നിന്ന് ആയിരത്തിനു താഴെ തുകകളാണ് നഷ്ടപ്പെട്ടത്. ഷട്ടറിന്റെ താഴുപൊളിച്ച് ഗ്ലാസ് ഡോറുകള്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്​. അഞ്ചാമത്തെ കടയുടെ ഷട്ടര്‍ പൊളിച്ചെങ്കിലും ഗ്ലാസ് ഡോര്‍ തുറക്കാനായില്ല. പൊലീസ് സ്‌റ്റേഷന് 100 മീറ്റര്‍ മാത്രം ദൂരത്തിലാണ് ഔഷധി ജങ്ഷന്‍. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. രാത്രി 10വരെ ചില കടകള്‍ തുറക്കാറുണ്ട്. മോഷണം നടന്ന ഭാഗത്തുള്ള സ്ഥാപനങ്ങള്‍ മിക്കതും എട്ടിന് മുന്നേ അടക്കുന്നവയാണ്. കോവിഡ് വ്യാപനത്തിനുശേഷം രാത്രി വൈകുന്നതിന് മുന്നേ കടകള്‍ അടക്കുന്നത് മോഷ്ടാക്കള്‍ക്ക് സൗകര്യമായി മാറുകയാണ്. ഞായറാഴ്ച ലോക്ഡൗണ്‍ മൂലം ഔഷധി ജങ്ഷന്‍ ഉൾപ്പെടെ വിജനമായിരുന്നു. കോവിഡ് വ്യാപകമായ ശേഷം പൊലീസിന്റെ രാത്രി പരിശോധനയില്ലാത്തതും മോഷ്ടാക്കള്‍ക്ക് അനുകൂല സാഹചര്യമാണ്. എം.സി റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ ജനശ്രദ്ധ പതിയാത്ത ഭാഗത്തെ മുറികളിലാണ് കവര്‍ച്ച നടന്നത്. നഗരത്തിലും സമീപത്തും നടന്ന മോഷണക്കേസുകളിലെ പ്രതികളെ ഇതുവരെ പൊലീസിനു പിടികൂടാനായിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. സ്റ്റേഷനില്‍ ആവശ്യത്തിന് പൊലീസില്ലാത്തുകൊണ്ട് രാത്രി പട്രോളിങ് പേരിന് മാത്രമായി മാറിയെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.