തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടുയന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു

കാക്കനാട്: തൃക്കാക്കര നിയമസഭ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് സാമഗ്രികളുടെ പരിശോധന ആരംഭിച്ചു. എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ എസ്. ബിന്ദുവിന്റെ നേതൃത്വത്തിലെ എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. കാക്കനാടിന് സമീപം കുഴിക്കാട്ടുമൂലയിൽ വോട്ടിങ്​ സാമഗ്രികൾ സൂക്ഷിച്ച ഗോഡൗണിലാണ് പരിശോധന നടക്കുന്നത്. ഡെപ്യൂട്ടി കലക്ടർക്ക് പുറമെ കലക്ടറേറ്റ് സീനിയർ സൂപ്രണ്ട് ജോർജ് ജോസഫും ആറ് സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. 328 യന്ത്രമാണ് പരിശോധിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സ്ട്രോങ് റൂമിൽ സൂക്ഷിച്ച യന്ത്രങ്ങളെല്ലാം ഏറ്റവും പുതിയ എം.3 മോഡലിൽപെട്ടവയാണ്. യന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം സോഫ്റ്റ്‌വെയറിൽ തകരാറുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുകകൂടിയാണ് പരിശോധനയുടെ ലക്ഷ്യം. ഒരാഴ്ചക്കുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം കലക്ടർ ജാഫർ മാലിക് ചൊവ്വാഴ്ച നേരിട്ടെത്തി പരിശോധന വിലയിരുത്തി. തൃക്കാക്കര എം.എൽ.എ ആയിരുന്ന പി.ടി. തോമസിന്‍റെ നിര്യാണത്തെത്തുടർന്നാണ് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനകം വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് വോട്ടുയന്ത്രങ്ങളുടെ പരിശോധനയോടെ സർക്കാർ സംവിധാനങ്ങൾകൂടി തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കുന്നത്. ഫോട്ടോ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടുയന്ത്രങ്ങളുടെ പരിശോധന എറണാകുളം കലക്ടർ ജാഫർ മാലിക് വിലയിരുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.