ഹൃദയപേശീ ബലക്ഷയ ബാധിതരുടെ വർധന ആശങ്കാജനകമെന്ന്​ പഠനം

കൊച്ചി: ഹൃദ്രോഗങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളിയായി അക്യൂട്ട് ഹാർട്ട് ഫെയിലർ രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നുവെന്ന് കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ) കേരള ചാപ്റ്ററി​ന്‍റെ പഠനം. ഇതു സംബന്ധിച്ച റിപ്പോർട്ട് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചു. ഹാർട്ട്​ ഫെയിലറുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം ആഗോളതലത്തിൽ 70 ആണെങ്കിൽ, കേരളത്തിൽ 60 വയസ്സാണ്. ഹൃദയപേശികൾക്ക് രക്തം നൽകുന്ന ധമനികളുടെ തടസ്സം മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ശരീര കോശങ്ങളെ പോഷിപ്പിക്കുന്നതിനായി ശരീരത്തിന് വേണ്ട രക്തം പമ്പ് ചെയ്യാനാകാതെ വരുന്നതാണ് ഹാർട്ട് ഫെയിലർ അഥവ ഹൃദയപേശീ ബലക്ഷയം. ഹൃദയത്തെ ബലഹീനമാക്കുന്ന നിരവധി ഹൃദയ രോഗങ്ങളുടെ ആകെ ഫലമാണ് ഹാർട്ട് ഫെയിലർ. ഈ രോഗികളിൽ ഭൂരിഭാഗവും പ്രമേഹവും രക്താധിസമ്മർദവും ഉള്ളവരാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. സ്​റ്റിജി ജോസഫ്, പ്രഫ. ഡോ. എസ്. ഹരികൃഷ്ണൻ (തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്​), ഡോ. പി. ജീമോൻ (അച്യുതമേനോൻ സൻെറർ ഓഫ് എസ്.സി.ടി) ഉൾപ്പെടെ കേരളത്തിലെ 50 കാർഡിയോളജിസ്റ്റുകൾ അടങ്ങുന്നതാണ് ഗവേഷക സംഘം. 'ഹൃദയത്തിന്റെ ഇടത് കീഴറ (ഇടത് വെൻട്രിക്കിൾ) സാധാരണയായി സ്വീകരിക്കുന്ന രക്തത്തിന്റെ 50 ശതമാനത്തിലധികം പമ്പ് ചെയ്യുന്നുണ്ട്. ഇതിനെ ഇജക്ഷൻ ഫ്രാക്ഷൻ (ഇ.എഫ്) എന്ന് വിളിക്കുന്നു. ഇടത് കീഴറയിലെ പേശികൾ ബലഹീനമായി ആവശ്യമായ രക്തം പമ്പ് ചെയ്യാതിരിക്കുക മൂലം രക്തചംക്രമണം ദുർബലമാകുന്നതാണ് പ്രധാനമായി കാണുന്ന ഹാർട്ട് ഫെയിലർ. എന്നാൽ, ചില രോഗികളിൽ ഈ അറയുടെ പേശീഭിത്തി കട്ടി കൂടി വേണ്ട രീതിയിൽ രക്തം വന്നു നിറയാതിരിക്കുന്നത്​ കാരണവും ഹാർട്ട് ഫെയിലർ സംഭവിക്കുന്നു. ഏകദേശം 15ശതമാനം രോഗികൾക്ക് ഈ വിധത്തിലുള്ള ഹാർട്ട് ഫെയിലർ സംഭവിക്കുന്നുവെന്ന് പഠനത്തിൽ തെളിഞ്ഞു' -ഡോ. സ്റ്റിജി ജോസഫ് പറഞ്ഞു. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ -കേരള അക്യൂട്ട് ഹാർട്ട് ഫെയിലർ രജിസ്ട്രി (സി.എസ്. ഐ- കെ. എച്ച്.എഫ്. ആർ) എന്ന് പേരിലുള്ള പഠനത്തിൽ സംസ്ഥാനത്തെ 50 ഹൃദ്രോഗ ആശുപത്രികളിൽനിന്ന്​ അക്യൂട്ട് ഹാർട്ട് ഫെയിലർ ഉള്ള 7500ൽഅധികം രോഗികൾ പങ്കെടുത്തു. മാർഗനിർദേശ പ്രകാരമുള്ള മെഡിക്കൽ തെറപ്പി ശിപാർശ ചെയ്യുന്ന മരുന്നുകൾ സ്വീകരിക്കുന്നവർക്ക് മെച്ചപ്പെട്ട അതിജീവന സാധ്യതയുണ്ട്. എന്നാൽ 28 ശതമാനം രോഗികൾ മാത്രമാണ് അത് ചെയ്യുന്നത്. ബോധവത്​കരണത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും കുറവാണ് ചികിത്സക്കുള്ള പ്രധാന തടസ്സമെന്ന് ഗവേഷകർ പറഞ്ഞു. കേരളത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങളുടെ വിവിധ വശങ്ങളെ കുറിച്ച് സി.എസ്.ഐ-കേരള ചാപ്റ്റർ നിരവധി ഗവേഷണങ്ങൾ നടത്തുന്നുണ്ടെന്ന്​ പ്രസിഡൻറ്​ ഡോ. സുൽഫിക്കർ അഹമ്മദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.