സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണം: റവന്യൂ ഉദ്യോഗസ്ഥരെ കെ.എസ്.ഇ.ബി ജീവനക്കാർ തടഞ്ഞത് സംഘർഷം സൃഷ്ടിച്ചു

മൂവാറ്റുപുഴ: സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കാൻ ഭൂമി അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കെ.എസ്.ഇ.ബി ജീവനക്കാർ തടഞ്ഞത് സംഘർഷം സൃഷ്ടിച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ 8.5 സ്ഥലം അളന്ന് കല്ലിട്ട് റവന്യൂ ഉദ്യോഗസ്ഥർ മടങ്ങി. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. നഗരത്തിലെ ടി.ബി ജങ്ഷനു അടുത്തുള്ള കെ.എസ്.ഇ.ബി നമ്പർ ഒന്ന്​ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപം മാറാടി വില്ലേജ് ഓഫിസ് നിർമിക്കുന്നതിന്​ ഭൂമി അളക്കാനുള്ള ശ്രമമാണ് തടഞ്ഞത്. ആർ.ഡി.ഒ പി.എൻ. അനി, തഹസിൽദാർ കെ.എസ്. സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥരെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്നാണ്​ തടഞ്ഞത്​. പൊലീ​സെത്തി ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും പിന്മാറാൻ തയാറായില്ല. സംഘർഷം രൂക്ഷമായതോടെ മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥലത്തെത്തി നടത്തിയ ചർച്ചയെ തുടർന്നാണ് ഭൂമി അളക്കാൻ അനുവദിച്ചത്. തിങ്കളാഴ്ച കലക്ടറുമായി വിഷയം സംസാരിക്കാനും ധാരണയായി. ടി.ബിക്ക് സമീപം 8.5 ഏക്കറോളം സർക്കാർ സ്ഥലത്ത് സ്കൂളുകൾ അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 34 സെന്‍റിലാണ്​​ കെ.എസ്.ഇ.ബി ഓഫിസ് പ്രവർത്തിക്കുന്നത്. എന്നാൽ, ആറ്​ സെന്‍റ്​ മാത്രമാണ് അനുവദിച്ചിട്ടുള്ളൂ എന്നും ബാക്കി സ്ഥലം ഇവരുടെ ഉടമസ്ഥതയിൽ ഉള്ളതല്ലെന്നും തഹസിൽദാർ കെ.എസ്. സതീശൻ പറഞ്ഞു. ഈ ഭൂമിയിൽ 10 സെന്‍റിലാണ് വില്ലേജ് ഓഫിസ്​ കെട്ടിടം നിർമിക്കാൻ കലക്ടർ അനുവാദം നൽകിയത്. മാസങ്ങൾക്ക് മുമ്പ് ഇതിന് സമീപത്തുള്ള സർക്കാർ സ്കൂളിനു അടുത്തായി വില്ലേജ്​ ഓഫിസ്​ നിർമിക്കാനുള്ള നീക്കം അധ്യാപകരും വിദ്യാർഥികളും ചേർന്നു തടഞ്ഞിരുന്നു. നിലവിൽ മാറാടി വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗശൂന്യമായിരിക്കുകയാണ്. സ്മാർട്ട് വില്ലേജ് ഓഫിസിനായി പണം അനുവദി​ച്ചെങ്കിലും ഭൂമി ലഭിക്കാത്തതിനാൽ തുക നഷ്ടമാകുന്ന സ്ഥിതിയാണ്. അതേസമയം, 1955 മുതൽ കെ.എസ്.ഇ.ബിയുടെ കൈവശമുള്ള ഭൂമിയിലാണ് റവന്യൂ വകുപ്പ് അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആരോപിച്ചു. തകർന്നു വീഴാറായ കെ.എസ്.ഇ.ബി ഓഫിസ് കെട്ടിടം നവീകരിക്കാൻ 1.65 കോടിയുടെ ഭരണാനുമതി ലഭിച്ച്​ നിർമാണം തുടങ്ങിയിരിക്കുകയാണ്. ഓഫിസ് കെട്ടിടം നിർമാണം പൂർത്തിയാകുന്നതോടെ ഇവിടം കെ.എസ്.ഇ.ബി സബ്ഡിവിഷനായി മാറും. വില്ലേജ് ഓഫിസ് നിർമിച്ചാൽ പ്രവർത്തനം താറുമാറാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ചിത്രം - Em Mvpa 6 Kseb റവന്യൂ ഉദ്യോഗസ്ഥരെ കെ.എസ്.ഇ.ബി ജീവനക്കാർ​ തടഞ്ഞതിനെ തുടർന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ഇരുവിഭാഗവുമായി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.