മാനേജ്മെന്‍റ്​ വാങ്ങിയ പണം തിരികെ ലഭിച്ചില്ല; ഐരാപുരം സി.ഇ.ടി കോളജ് ജീവനക്കാർ ദുരിതത്തിൽ

കോലഞ്ചേരി: അധികൃതരുടെ ഉറപ്പ് ജലരേഖയായി; കോടികൾ നഷ്ടമായ ഐരാപുരം സി.ഇ.ടി കോളജ് ജീവനക്കാർ ദുരിതത്തിൽ. കോളജിൽ അസി. പ്രഫസർ അടക്കമുള്ള വിവിധ തസ്തികകളിലേക്ക് നിയമനം വാഗ്ദാനം ചെയ്ത്​ നൂറോളം പേരിൽനിന്ന്​ മാനേജ്മെന്‍റ്​ വാങ്ങിയ 12 കോടി തിരികെനൽകാൻ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പാണ് വർഷങ്ങൾ പിന്നിടുമ്പോഴും നടപ്പാക്കാത്തത്​. വനിത കമീഷൻ അടക്കമുള്ള സർക്കാർ സംവിധാനങ്ങളും ജില്ല കലക്ടർ അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങളും നൽകിയ ഉറപ്പാണ് പാലിക്കാ​തെപോകുന്നത്​. കോലഞ്ചേരി ആസ്ഥാനമായുള്ള ക്രിസ്ത്യൻ എജുക്കേഷനൽ ട്രസ്റ്റിന് കീഴിൽ മഴുവന്നൂർ പഞ്ചായത്തിലെ ഐരാപുരത്ത് 2006ൽ ആരംഭിച്ച സ്ഥാപനം കേരളത്തിലെ ഏറ്റവും വലിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം എന്ന പരസ്യം നൽകിയാണ് ജീവനക്കാരെ ക്ഷണിച്ചത്. 23 ബിരുദ കോഴ്സുകളും 14 ബിരുദാനന്തര കോഴ്സുകളുമാണ് ഇവിടെ നടത്തിയിരുന്നത്. ഇതി‍ൻെറ പേരിൽ പരസ്യം നൽകിയാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. അസി. പ്രഫസർ തസ്തികകളിലേക്ക് 10 ലക്ഷത്തിന് മുകളിലും മറ്റ് തസ്തികകളിലേക്ക് അഞ്ച് ലക്ഷം തൊട്ട് മുകളിലേക്കുമാണ് തലവരി വാങ്ങിയിരുന്നത്. ഇങ്ങനെ നിയമനം ലഭിച്ചവർക്ക് 2016 ജൂൺ മുതൽ ശമ്പളം മുടങ്ങുകയായിരുന്നു. കാരണം തിരക്കിയവരോട് എം.ബി.എ അഫിലിയേഷനുമായി ബന്ധപ്പെട്ട് പണച്ചെലവ് വന്നതാണ് കാരണമെന്ന്​ വിശദീകരിച്ചു. 2017 ജനുവരിയോടെ ശമ്പളം കിട്ടാത്ത അധ്യാപകർ പരസ്യ പ്രതിഷേധത്തിനിറങ്ങി. ഇവരോട് പിരിഞ്ഞ് പോകാനും നൽകാനുള്ള പണം നിശ്ചിത മാസത്തിനുള്ളിൽ നൽകാമെന്നും മാനേജ്മെന്‍റ്​ അറിയിച്ചു. ഇതിനെ തുടർന്ന് അധ്യാപകരിൽ ഭൂരിഭാഗവും മാർച്ച് മാസത്തിൽ രാജി​വെച്ചു. മാസങ്ങൾ പിന്നിട്ടിട്ടും തലവരിപ്പണവും ശമ്പളവും ലഭിക്കാതെ വന്നതോടെ ജീവനക്കാരിൽ പലരും അത് ചോദിച്ച് കോളജിലും മാനേജറുടെ വീട്ടിലുമെത്തി. എന്നാൽ, ഇവർക്കെതിരെ​ പൊലീസിലും കോടതിയിലും പരാതി നൽകുകയാണ് മാനേജ്മെന്‍റ്​ ചെയ്തത്. 2019ൽ പണം നഷ്ടമായ അധ്യാപക ദമ്പതികൾ കോളജിലെത്തി ആത്മഹത്യശ്രമം നടത്തിയിരുന്നു. ഇതിനുശേഷമാണ് പണം നഷ്ടമായവർ 2019 ആഗസ്റ്റ് 26 മുതൽ കോളജ് കവാടത്തിൽ അനിശ്ചിതകാല സമരമാരംഭിച്ചത്. രണ്ടുമാസം നീണ്ട ഈ സമരം ഒത്തുതീർപ്പാക്കുന്നതിന് അധികൃതർ നൽകിയ ഉറപ്പാണ് എങ്ങുമെത്താത്തത്. ഫോട്ടോ: ഐരാപുരം സി.ഇ.ടി കോളജ് (ഫയൽ ഫോട്ടോ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.