ശബരി റെയിൽവേ ഉപേക്ഷിച്ചിട്ടില്ലെന്ന്​ കേന്ദ്ര സർക്കാർ

മൂവാറ്റുപുഴ: ശബരി റെയിൽവേയുടെ നിർമാണച്ചെലവ് പങ്കുവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറി‍ൻെറ നിലപാട് മാറ്റങ്ങളും പദ്ധതി നിർമാണത്തിന് ആവശ്യമായ പിന്തുണ നൽകാത്തതുമാണ് പദ്ധതി മരവിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്​. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായി ലോക്സഭയിൽ അറിയിച്ചതാണിക്കാര്യം. പുതുക്കിയ എസ്റ്റിമേറ്റ്​ ലഭിക്കുന്ന മുറക്ക്​ ശബരി റെയിൽവേ പദ്ധതി നിർമാണം പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കും. 2015 നവംബർ 27ന്​ ശബരി റെയിൽവേയുടെ പകുതി ചെലവ് വഹിക്കാൻ തയാറാണെന്ന് പറഞ്ഞ്​ കേന്ദ്രത്തിന് കത്ത് നൽകുകയും 2016ൽ എം.ഒ.യു ഒപ്പിടുകയും ചെയ്തശേഷമാണ് 2016 നവംബറിൽ ചെലവ് പങ്കുവെക്കുന്നതിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറിയതായി അറിയിച്ചത്. പാത നിർമിക്കാൻ സംസ്ഥാന സർക്കാറി‍ൻെറ പിന്തുണ ആവശ്യപ്പെട്ടിരുന്നതാണ്​. പിന്നീട് പലതവണ റെയിൽവേ കത്ത് അയച്ചിട്ടും നിസ്സഹകരിച്ചതിനാലാണ് 2019ൽ പദ്ധതി താൽക്കാലികമായി മരവിപ്പിച്ചത്. 2021 ജനുവരിയിൽ സംസ്ഥാന സർക്കാർ ശബരി റെയിൽവേയുടെ പകുതി ചെലവ് വഹിക്കാമെന്ന് പറഞ്ഞു വീണ്ടും കത്ത് തന്നിരുന്നു. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് സംസ്ഥാന സർക്കാറി‍ൻെറയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ.ആർ.ഡി.സി.എല്ലിനെ ചുമതലപ്പെടുത്തിയെങ്കിലും 2002ൽ കല്ലിട്ട് തിരിച്ച 70 കിലോമീറ്റർ ദൂരത്തെ പുതുക്കിയ എസ്റ്റിമേറ്റ് മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു. അവശേഷിക്കുന്ന 41 കിലോമീറ്റർ ദൂരത്തെ എസ്റ്റിമേറ്റ് തയാറാക്കാൻ ലിഡാർ സർവേ നടത്തിയെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. എസ്റ്റിമേറ്റ്​ ലഭിക്കുന്ന മുറക്ക്​ നിർമാണം പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.