അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പട്ടികവിഭാഗ പീഡന കുറ്റം ചുമത്താതിരുന്നതെന്തെന്ന് ഹൈകോടതി

കൊച്ചി: വണ്ടിപ്പെരിയാറിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പട്ടികജാതി - പട്ടികവർഗ പീഡന നിയമപ്രകാരം കുറ്റം ചുമത്താതിരുന്നതിനെതിരെ ഹൈകോടതി. ഇത് സംബന്ധിച്ച് സർക്കാർ രണ്ടാഴ്ചക്കകം വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. കേസിൽ പ്രതിക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസിന്​ വീഴ്ചപറ്റിയെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ്​ നൽകിയ ഹരജിയിലാണ് കോടതിയുടെ വിമർശനം. കഴിഞ്ഞ വർഷം ജൂൺ 30 നാണ് വണ്ടിപ്പെരിയാറിലെ ഒരു എസ്റ്റേറ്റ് ലായത്തിലെ മുറിയിൽ പെൺകുട്ടിയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ അയൽവാസിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അർജുൻ അറസ്റ്റിലായി. കുട്ടിയെ പീഡിപ്പിച്ചശേഷം ഇയാൾ കെട്ടിത്തൂക്കിയെന്നും കഴുത്തിൽ കയർ മുറുക്കി കുട്ടി മരിച്ചെന്നുമാണ് കേസ്. പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു. എന്നാൽ, പ്രതി മറ്റൊരു മതക്കാരനാണെന്നും ഈ സാഹചര്യത്തിൽ ദലിത് വിഭാഗത്തിലുള്ള കുട്ടിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയെന്ന കേസിൽ പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയില്ലെന്നുമാണ് ഹരജിക്കാരന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും കേസിപ്പോൾ വിചാരണയുടെ ഭാഗമായി കുറ്റം ചുമത്തുന്നതിനായി കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടെ പരിഗണനയിലാണെന്നും ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.