എത്ര കോരിയാലും തീരില്ല ഈ ചളി ഇക്കുറി കോർപറേഷൻ മുടക്കുന്നത്​ ഒമ്പതു​ കോടി

കൊച്ചി: കോർപറേഷൻ ഇക്കുറിയും തോടുകളിലെയും കനാലുകളിലെയും ചളികോരും, ഒമ്പതു കോടി രൂപക്ക്​. വർഷം തോറും നടക്കുന്ന ഈ പ്രവൃത്തി കണ്ട്​ എത്ര കോരിയാലും തീരാത്ത ചളിയാണ്​ കൊച്ചിയിലെ കനാലുകളിലെന്നാണ്​ നഗരവാസികളുടെ അടക്കം പറച്ചിൽ. മഴക്കാലത്തിന്​ മുന്നോടിയായി തോടുകളിലും കനാലുകളിലും അടിഞ്ഞുകൂടിയ ചളിയും മാലിന്യങ്ങളും നീക്കി വെള്ളക്കെട്ട്​ ഒഴിവാക്കുന്നതിനാണ്​ നടപടി. മുൻവർഷങ്ങളിൽ ഏപ്രിലിൽ തുടങ്ങേണ്ട പ്രവൃത്തി ഇക്കുറി നേരത്തേ എസ്​റ്റിമേറ്റ്​ പൂർത്തിയാക്കി കൗൺസിലി​ന്‍റെ അംഗീകാരം നേടി. വൈറ്റില മേഖല ഓഫിസി​ന്‍റെ പരിധിയിലെ 45 മുതൽ 57 വരെയും 63ാം ഡിവിഷനുകളിലേക്കായി 2.86 കോടി രൂപയുടെ പ്രവൃത്തിക്കാണ്​ അനുമതി. കാരണകോടം തോട്ടിൽനിന്ന്​ പായൽ നീക്കുന്നതിനും ചളി കോരുന്നതിനും മാത്രമായി 14.55 ലക്ഷം രൂപയാണ്​ അനുവദിച്ചത്​. റെയിൽ നഗർ തോടിന്​ 14.80 ലക്ഷം, പോണേത്ത്​ ചാലിന്​ 17.37 ലക്ഷം, ടി.പി. കനാൽ യുവജന സമാജം മുതൽ പുല്ലേപ്പടി വരെ 13.11 ലക്ഷം എന്നിങ്ങനെ ​പ്രവൃത്തികൾ നടക്കും. വൈറ്റില മേഖല ഓഫിസി​​ന്‍റെ പരിധിയിലെ ചെറിയ കാനകൾ ചളി കോരി വൃത്തിയാക്കുന്നതിന്​ 3.50 ലക്ഷം വീതം 14 പ്രവൃത്തികളുണ്ട്​. പള്ളുരുത്തി മേഖലയിലെ 12 മുതൽ 21 വരെ ഡിവിഷനുകളിലെ വലിയ കാനകളിൽനിന്ന്​ ചളി നീക്കുന്നതിന്​ 49.33 ലക്ഷം രൂപയാണ്​ ചെലവഴിക്കുക. ഇവിടെ ചെറിയ കാനകളിലെ 10 പ്രവൃത്തികൾക്ക്​ 35 ലക്ഷം വേറെയും വേണ്ടി വരും. ഇടപ്പള്ളി മേഖലയിൽ 15 പ്രവൃത്തികൾക്കായി ചളി കോരുന്നതിന്​ ചെലവഴിക്കുക 52.50 ലക്ഷം രൂപയാണ്​. ഇവിടെ തന്നെ 69 ചെറിയ പ്രവൃത്തികൾക്കായി 2.49 കോടി രൂപയും ചളികോരാൻ വേണ്ടി വരും. പച്ചാളം മേഖലയിലെ ആറു ഡിവിഷനുകളിൽ ആറു പ്രവൃത്തികൾക്കായി 29.94 ലക്ഷം രൂപയും ചെലവഴിക്കും. ഇവിടെ ചെറിയ കാനകൾക്കായി 21 ലക്ഷം രൂപ വേറെയും വേണ്ടി വരും. ഇതുകൂടാതെ വിവിധ ഡിവിഷനുകളിലായി 18 ചെറിയ കാനകൾക്ക്​ 3.50 ലക്ഷം വീതവും 18 വലിയ കാനകൾക്ക്​ അഞ്ചു മുതൽ ഏഴ്​ വരെ ലക്ഷം വീതവും അനുവദിക്കുന്നുണ്ട്​. ​പെട്ടി പറ പ്രവർത്തിപ്പിക്കുന്നതിനും വെള്ളക്കെട്ട്​ നിവാരണത്തിനും മറ്റുമായി 29 പ്രവൃത്തികൾക്ക്​ 1.59 കോടി രൂപ വേറെയും എസ്​റ്റിമേറ്റ്​ എടുത്ത്​ കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്​. ചളി കോരലും വെള്ളം എത്തിക്കലും ചാകര കൊച്ചി: മഴക്കാലത്തിന്​ മുന്നോടിയായി കാനകളും തോടുകളും ചളി കോരിയും പായൽ നീക്കിയും വൃത്തിയാക്കൽ വർഷം തോറും പലർക്കും ചാകര. കൃത്യമായ മേൽനോട്ടം ഇല്ലാത്തതിനാൽ പല കനാലുകളും തോടുകളും കൃത്യമായി വൃത്തിയാക്കാറില്ല. മഴക്കാലത്ത്​ വെള്ളക്കെട്ടിന്​ കുറവുമില്ല. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ കൂട്ടുകെട്ടാണ്​ ​എത്ര കോരിയാലും തീരാത്ത ചളിയും പായലും കൊച്ചിയിലെ കനാലുകളിൽ അടിഞ്ഞുകൂടുന്നതിന്​ പിന്നിലെന്നാണ്​ റെസിഡൻറ്​സ്​ അസോസിയേഷൻ ഭാരവാഹികളുടെ വാദം. ഡിവിഷനുകളിൽ കൗൺസിലർമാർ പ്രവൃത്തികൾക്ക്​ മേൽനോട്ടം കൃത്യമായി വഹിക്കാത്തതും അഴിമതിക്ക്​ കളമൊരുക്കുന്നു. 2010-15 കാലയളവിൽ കൊതുകിനെ തുരത്താൻ നഗരത്തിലെ കനാലുകളിൽ ഉപ്പുവെള്ളം അടിക്കുന്ന പ്രവൃത്തി പിന്നീട്​ ഓഡിറ്റ്​ തടസ്സവാദത്തിൽ മുടങ്ങിയത്​ കൗൺസിലർമാർ പലരും ചൂണ്ടിക്കാട്ടി. അടിച്ചതിലേറെ വെള്ളത്തി​ന്‍റെ കണക്ക്​ കാണിച്ച്​ തുക തട്ടിയെടുത്തതാണ്​ കാരണമായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.