കാലടി സമാന്തര പാലം: ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി

പെരുമ്പാവൂര്‍/കാലടി: കാലടി സമാന്തര പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അതിര്‍ത്തി നിര്‍ണയിച്ച് കല്ല് സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയില്‍ എം.സി റോഡില്‍ പെരിയാറിന് കുറുകെയുള്ള കാലടി പാലത്തിന് അരനൂറ്റാണ്ടിലെ പഴക്കമുണ്ട്. പുതിയ പാലത്തിന് 2011ല്‍ 42 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുകക്കുള്ള പുതിയ പാലത്തിന്റെ ഡിസൈന്‍ അംഗീകരിച്ച്​ ഒക്കൽ പഞ്ചായത്തിൽ ചേലാമറ്റം വില്ലേജ് പരിധിയില്‍ 25 സെന്റ് സ്ഥലവും കാലടി വില്ലേജില്‍ അഞ്ച് സെന്റ് സ്ഥലവുമാണ് ഏറ്റെടുക്കുന്നതെന്ന്​ എം.എൽ.എമാരായ റോജി.എം.ജോൺ, എല്‍ദോസ് കുന്നപ്പിള്ളി എന്നിവർ അറിയിച്ചു. ഭൂമി ഏറ്റെടുക്കാൻ പ്രദേശത്ത് അതിര്‍ത്തി തിരിച്ച്​ കല്ലുകള്‍ സ്ഥാപിച്ചു. ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു, ബ്ലോക്ക് അംഗങ്ങളായ എം.കെ. രാജേഷ്, സി.കെ. ബാബു, വാര്‍ഡ് അംഗങ്ങളായ മിനി സാജന്‍, സോളി ബെന്നി, ടി.എന്‍. മിഥുന്‍, അമൃത സജിന്‍, പൊതുമരാമത്ത് ബ്രിഡ്ജസ് അസി. എക്‌സി. എൻജിനീയര്‍ കെ.സി. ഷൈനി, ഓവര്‍സിയര്‍മാരായ വി.ജി. രഞ്ജിത്ത്, ഷാനി എന്നിവര്‍ സന്നിഹിതരായിരുന്നു. പാലം നിര്‍മാണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി നാലിന് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന്​ എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.