തൃക്കാക്കര കൂട്ടത്തല്ല്: ഡി.സി.സി യോഗത്തിൽ രൂക്ഷവിമർശം

കാക്കനാട്: തൃക്കാക്കരയിലെ കൂട്ടത്തല്ലിൽ ക്ഷുഭിതനായി എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. നഗരസഭയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ്​ ഡി.സി.സി പ്രസിഡൻറ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇനിയും ഇതുപോലുള്ള വിഷയങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൃക്കാക്കരയുടെ ചുമതലയുള്ള ഭാരവാഹികൾക്കും പ്രാദേശിക നേതാക്കളും അദ്ദേഹം താക്കീത് നൽകിയതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പദയാത്രയും കോൺഗ്രസി​ൻെറ വിവിധ സമരപരിപാടികളും ചർച്ചചെയ്യാൻ വിളിച്ച യോഗത്തിലായിരുന്നു വിമർശനം. കഴിഞ്ഞ ചൊവ്വാഴ്ച നഗരസഭയിൽ കൂട്ടത്തല്ലുണ്ടായ യോഗത്തിൽ പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായി ഒരുവിഭാഗം എ ഗ്രൂപ് കൗൺസിലർമാർ എൽ.ഡി.എഫിനെ പരസ്യമായി പിന്തുണച്ചിരുന്നു. തൃക്കാക്കരയിലെ ഗ്രൂപ്പുകളി പരസ്യമായ സാഹചര്യത്തിലാണ് ഡി.സി.സിയുടെ താക്കീത്. യു.ഡി.എഫ് ചെയർമാൻ ഡൊമിനിക് പ്രസ​േൻറഷൻ ആയിരുന്നു തൃക്കാക്കരയിലെ വിഷയങ്ങൾ യോഗത്തിൽ ഉന്നയിച്ചത്. വിഷയങ്ങൾ പരിഹരിക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടെന്ന് യോഗം നിരീക്ഷിച്ചു. പല കൗൺസിലർമാരും നേതാക്കളുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചത് എൽ.ഡി.എഫിന് അനുകൂല സാഹചര്യമൊരുക്കിയെന്നും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഡി.സി.സി പ്രസിഡൻറ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.