ഏലൂരിൽ ലഹരിക്കെതിരെ ജാഗ്രത സമിതി

കളമശ്ശേരി: ഏലൂർ നഗരസഭ പ്രദേശങ്ങളിൽ മയക്കുമരുന്ന് വ്യാപനം ഗുരുതരമായതിനെതിരെ വാർഡുകൾ തോറും ജാഗ്രത സമിതി രൂപവത്​കരിക്കാൻ തീരുമാനിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം വിപുലമാക്കുകയും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലുമാണ് നഗരസഭ തലത്തിൽ 31വാർഡുകളിലും ജാഗ്രത സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. വാർഡുകൾ കേന്ദ്രീകരിച്ച് ലഹരിമുക്തി സേന രൂപവത്​കരിക്കും, കൗൺസിലർ കൺവീനറായ പത്തംഗങ്ങൾ ഉൾപ്പെട്ടതാണ് സേന. പ്രവർത്തനം വാർഡ്​സഭകൾ അവലോകനം ചെയ്യും, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും മയക്കുമരുന്ന് കച്ചവടക്കാരുടെ സ്ഥലങ്ങൾ കണ്ടെത്തി നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ് രൂപവത്​കരിക്കാനും കൗൺസലിങ് ആവശ്യമുള്ളവർക്ക് ലഭ്യമാക്കാനും തീരുമാനിച്ചു. നാട്ടുകാരായ യുവാക്കൾക്കും കുട്ടികൾക്കും കളിക്കാനായി വേലികെട്ടി അടച്ചിട്ടിരിക്കുന്ന ഫാക്ട് ഗ്രൗണ്ട്​ തുറക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. പൊലീസ്, എക്​സൈസ്​ ആരോഗ്യ, രാഷ്​ട്രീയ, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും സ്കൂൾ അധികൃതരും പങ്കെടുത്തു. യോഗം നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലീല ബാബു അധ്യക്ഷതവഹിച്ചു. ലഹരി ഉപയോഗവും വിൽപനയും സംബന്ധിച്ച വിവരങ്ങൾ 9400069570 എന്ന നമ്പറിൽ നൽകാമെന്ന്​ ​ എക്സൈസ് വിഭാഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.