പ്രധാനമന്ത്രിയുടെ പരിപാടിയിൽ എം.പിക്കും എം.എൽ.എക്കും ഇരിപ്പിടമില്ല

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന അമ്പലമുകൾ റിഫൈനറിയിലെ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എം.പി. എല്ലാ പ്രോട്ടോകോൾ മര്യാദകൾക്കും വിരുദ്ധമായി പരിപാടിയുടെ ഇരിപ്പിടങ്ങൾ ചുരുക്കം ചിലർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് എം.പി പറഞ്ഞു. ഡയസിൽനിന്ന് കോൺഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഒത്തുകളിയിലൂടെ സി.പി.എം-ബി.ജെ.പി ബന്ധം മറനീക്കി പുറത്തുവരുകയാണ്‌. റിഫൈനറി സ്ഥിതിചെയ്യുന്ന സ്ഥലത്തെ എം.പിയെയോ എം.എൽ.എയെയോ പോലും ഉൾപ്പെടുത്തിയിട്ടില്ല. കൊച്ചിൻ പോർട്ട് ട്രസ്​റ്റ്​ എറണാകുളം വാർഫിൽ നിർമിച്ച ഇൻറർനാഷനൽ ക്രൂസ് ടെർമിനൽ, കൊച്ചി കപ്പൽശാലയുടെ വിജ്ഞാന നൈപുണ്യ പരിശീലനകേന്ദ്രം, ഫാക്ടിന്‌ വേണ്ടിയുള്ള തുറമുഖ ജെട്ടി നവീകരണത്തിൻെറ നിർമാണോദ്ഘാടനം, വിലിങ്​ടൺ ഐലൻഡിനെയും ബോൾഗാട്ടിയെയും ബന്ധിപ്പിക്കുന്ന റോ റോ വെസൽ സമർപ്പണം തുടങ്ങിയവയാണ്‌ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ. ഇവ യാഥാർഥ്യമാക്കുന്നതിൽ ഒരു പങ്കോ പ്രവർത്തനാധികാരമോ ഇല്ലാത്ത, മഹാരാഷ്​ട്രയിൽനിന്നുള്ള രാജ്യസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരനെ ഉൾപ്പെടുത്തിയത് രാഷ്​ട്രീയ പക്ഷപാതമാണെന്ന്​ ഹൈബി കുറ്റപ്പെടുത്തി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.