തീരപരിപാലന പ്ലാൻ അന്തിമമാക്കുമ്പോൾ പൊക്കാളിപ്പാടങ്ങളുമായി ബന്ധപ്പെട്ട ശിപാർശകൾ പരിഗണിക്കണം

കൊച്ചി: തീരപരിപാലനത്തിനുള്ള പ്ലാൻ അന്തിമമാക്കുമ്പോൾ പൊക്കാളിപ്പാടങ്ങളുടെ കാര്യത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശിപാർശകൾ കൂടി പരിഗണിക്കണമെന്ന് ഹൈകോടതി നിർദേശം. പൊക്കാളിപ്പാടങ്ങളുടെ സ്ഥിതി പഠിക്കാൻ പ്രഫ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷനായി നിയോഗിച്ച വിദഗ്ധ സമിതി പൊക്കാളിപ്പാടങ്ങളെ തീരപരിപാലന നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കാൻ ശിപാർശ ചെയ്തിരുന്നു. എറണാകുളം മുളവുകാട് പൊക്കാളികൃഷിയും മത്സ്യകൃഷിയും ചെയ്തുവരുന്ന രണ്ട് ഏക്കർ കോസ്​റ്റൽ റെഗുലേറ്ററി സോൺ ഒന്ന് ബിയിൽ ഉൾപ്പെടുത്തിയതിനെതിരെ പറവൂർ സ്വദേശിനി ടി. ഐഷാദേവി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് നിർദേശം. ബണ്ടുകൾ സ്ഥാപിച്ച് പൊക്കാളിപ്പാടങ്ങളിൽ ഓരുവെള്ളം കയറ്റുന്നത് തടയുന്നുണ്ടെന്നും ഇത്തരം സ്ഥലങ്ങൾ കോസ്​റ്റൽ റെഗുലേറ്ററി സോൺ ഒന്ന് ബിയിൽ ഉൾപ്പെടുത്താനാകില്ലെന്നും ഹരജിക്കാരി വാദിച്ചു. കുട്ടനാട്ടിലെ സമാന സ്ഥിതിയിലുള്ള സ്ഥലങ്ങളെ തീരദേശ പരിപാലന പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. 2006ൽ നൽകിയ വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ചില്ലെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. തുടർന്നാണ് 2019ലെ കേന്ദ്ര വിജ്ഞാപനപ്രകാരം തയാറാക്കുന്ന പുതിയ തീര പരിപാലന പ്ലാനിൽ സമിതിയുടെ ശിപാർശകൂടി പരിഗണിക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്. 2011ലെ വിജ്ഞാപനപ്രകാരം 2019ൽ അന്തിമമാക്കിയ പ്ലാനാണ് നിലവിലുള്ളത്. പുതിയത് തയാറാക്കുന്ന സാഹചര്യത്തിൽ പബ്ലിക് ഹിയറിങ് നടത്തുമ്പോൾ ഹരജിക്കാരിക്ക് പരാതി ഉന്നയിക്കാമെന്നും ഇതു പരിഗണിക്കണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.