ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി: പ്രധാനമന്ത്രിയുടെ ചടങ്ങ് തൊഴിലാളികള്‍ ബഹിഷ്‌കരിക്കും

പള്ളിക്കര: കൊച്ചി റിഫൈനറി പെട്രോ കെമിക്കല്‍ പദ്ധതിയായ പി.ഡി.പി.പിയുടെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് തൊഴിലാളി സംഘടനകള്‍. ബി.പി.സി.എല്‍ വില്‍പനയിലും അതിനായി നടത്തുന്ന തൊഴിലാളിവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് ഞായറാഴ്​ച പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങ് തൊഴിലാളികള്‍ ബഹിഷ്‌കരിക്കുന്നത്. പദ്ധതിയുടെ കമീഷനിങ്​ പ്രവൃത്തികള്‍ നടക്കുകയാണ്. ഒരു പ്ലാൻറിലും ഉല്‍പാദനം ആരംഭിച്ചിട്ടില്ല. ഉല്‍പാദനം ആരംഭിക്കുന്നതിനുമുമ്പുതന്നെ ധിറുതിപിടിച്ചുള്ള ഉദ്ഘാടനം നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്. ബി.പി.സി.എല്‍ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ പൊതുമേഖല ഓയില്‍ കമ്പനികളിലും 2017 ജനുവരി ഒന്നുമുതല്‍ മൂന്നാം ശമ്പള കമീഷന്‍ ശിപാര്‍ശ അനുസരിച്ചുള്ള ശമ്പളപരിഷ്‌കരണം അനുവദിച്ചു. എന്നാല്‍, ബി.പി.സി.എല്‍ മുംബെ, കൊച്ചി റിഫൈനറികളിലെ തൊഴിലാളികള്‍ക്ക് ഇതുവരെ ശമ്പള പരിഷ്‌കരണം അനുവദിച്ചിട്ടില്ല. സ്വകാര്യവത്​കരണ നിർദേശം വന്നതിനെത്തുടര്‍ന്ന് ബി.പി.സി.എല്ലിലെ നിയമനങ്ങള്‍ നിര്‍ത്തി​െവച്ചിരിക്കുകയാണ്. രാജി​െവച്ചവര്‍ക്ക് പകരമായിപ്പോലും നിയമനം നടത്താത്തതിനാല്‍ സുരക്ഷിതമായി പ്ലാൻറ്​ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ തൊഴിലാളികള്‍ ഇല്ലാത്ത സാഹചര്യമാണെന്നും തൊഴിലാളി സംഘടന നേതാക്കൾ പറയുന്നു. കൊച്ചിന്‍ റിഫൈനറീസ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കൊച്ചിന്‍ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി), റിഫൈനറി എംപ്ലോയീസ് യൂനിയന്‍ (കെ.ആര്‍), കൊച്ചി റിഫൈനറി ജനറല്‍ കണ്‍സ്ട്രക്​ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു), കൊച്ചി റിഫൈനറി ജനറല്‍ കണ്‍സ്ട്രക്​ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) തൊഴിലാളി സംഘടനകളാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.