കാണാതായ ഭിന്നശേഷിക്കാരിയായ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി

മുണ്ടക്കയം: രണ്ടുദിവസം മുമ്പ് കാണാതായ ബധിരയും മൂകയുമായ വയോധികയെ വീടിനുസമീപം തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് ഞര്‍ക്കാട് കൂപ്പുഭാഗത്ത് താമസിക്കുന്ന മുളവനന്തറ സരസമ്മയെയാണ് (70) വീടിനുസമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അവിവാഹിതയായ സരസമ്മ തനിച്ചായിരുന്നു താമസം. ചൊവ്വാഴ്ച ഇളങ്കാട് ഗുരുമന്ദിരം ഭാഗത്ത് പെന്‍ഷനും റേഷനും വാങ്ങാനെത്തിയിരുന്നു. പിന്നീട് വീട്ടിലെത്തിയ സരസമ്മയെ ബുധനാഴ്ച വൈകീട്ട്​ മൂന്നിനുശേഷം കണ്ടിട്ടില്ല. സമീപവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്്ച വീടിനു സമീപമുള്ള തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചെരിപ്പ് കണ്ടതിനെത്തുടര്‍ന്ന്​ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തംഒഴുകിയ നിലയിലായിരുന്നു. ആഭരണങ്ങളും മടിയില്‍ സൂക്ഷിച്ച പണവും നഷ്​ടമായിട്ടില്ല. ഇവര്‍ ഉപയോഗിച്ചിരുന്ന തോര്‍ത്തും വിറക് ശേഖരിക്കാന്‍ കൊണ്ടുപോയ വാക്കത്തിയും സമീപത്തുനിന്ന്​ ലഭിച്ചിട്ടുണ്ട്. ഇതേ ദിവസം അയല്‍വീട്ടിലെ താമസക്കാരായ ദമ്പതികള്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വയോധികക്കുനേരെയും കാട്ടുപന്നി ആക്രമണം ഉണ്ടായിട്ടുണ്ടാകുമെന്നാണ് സംശയം. മുണ്ടക്കയം പൊലീസെത്തി മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കുശേഷം ഇന്‍ക്വസ്​റ്റ്​ നടത്തി പോസ്​റ്റ്​മോര്‍ട്ടം നടത്തുമെന്ന്​ എസ്.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.